മുക്കം: കാരശേരി ചീപ്പാംകുഴി പൊയിലിൽ അബ്ദുവും മാവുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ മാങ്ങ കഴിക്കുന്പോഴും അതിന്റെ വിത്ത് മുളപ്പിച്ചെടുക്കുന്നിടത്തുനിന്ന് തുടങ്ങുന്നതാണത്.
വിവിധ തരം മാവുകളെയും,മാങ്ങകളെയും കുറിച്ചറിയാനും പഠിക്കാനും ഉള്ള അബ്ദുവിന്റെ ത്വര ചെന്നെത്തിനിൽക്കുന്നതു ഇന്ത്യയിലും ഇന്ത്യക്കു പുറത്തുള്ള പാകിസ്ഥാനിലെയും ഇന്തോനേഷ്യയിലെയും വിവിധ തരത്തിലുള്ള മാവുകളിലാണ്.
ഇതിനു അദ്ദേഹത്തിന്റെ നഴ്സറികളിലുള്ള നാല്പതോളം ഇനങ്ങളിലുള്ള മാവിൻ തൈകൾ തന്നെ സാക്ഷ്യം. അൽഫോൻസാ, കാലാപാനി, നാസി പസന്തു, കോഷേരി, സിന്ദൂർ, ആപ്പിൾ റുമേനിയ , വൈറ്റ് മൂവാണ്ടൻ, വെങ്കരപ്പള്ളി, ചക്കരകുട്ടി, നീലൻ നാടൻ ഇനങ്ങളായ ചേലൻ, ഒളോർ, തുടങ്ങിയവയുടെയെല്ലാം തൈകളാണ് അബ്ദുവിന്റെ വീട്ടിലും മാങ്ങാപ്പൊയിലിലുമുള്ള നഴ്സറികളെ സന്പന്നമാക്കുന്നതു്.
മാവിൻ തൈകൾ നട്ടുപിടിപ്പിച്ചിട്ടും ഫലങ്ങൾ ലഭിക്കാതെ നിരാശരാവുന്നവർക്കും അബ്ദുവിന്റെ പക്കൽ മറുപടിയുണ്ട്. നമ്മുടെ നാടിന്റെ കാലാവസ്ഥക്കും പരിതസ്ഥിതിക്കും അനുയോജ്യമായ മാവിൻ തൈകൾ വേണം നട്ടുപിടിപ്പിക്കാൻ.
കൃത്യമായി സൂര്യപ്രകാശം ലഭിക്കേണ്ടതും മാവിന്റെ വളർച്ചക്ക് ആവശ്യമാണ്. വിവിധ ഇനം മാവുകൾ ബഡ്ഡുചെയ്തും പുതിയ ഇനങ്ങൾ ഇദ്ദേഹം ഉത്പാദിപ്പിക്കുന്നുണ്ട്.
ഒരുമാവിൽ തന്നെ പതിനഞ്ചു ഇനത്തിൽപെട്ട മാങ്ങകൾ ഉണ്ടാവുന്ന മാവിൻ തൈകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇപ്പോഴും പുതിയ ഇനം മാവുകൾ കണ്ടെത്താനുള്ള നിർത്താത്ത ശ്രമത്തിലാണ് അബ്ദു. ഒരു നിയോഗം പോലെ.