വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം! സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അടുത്തകാലത്തായി സമൂഹമാധ്യമങ്ങള്‍ എന്നാല്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ക്കും എന്തിനേറെ, പീഡനത്തിനുവരെയുള്ള വേദിയായി ഇന്ന് സോഷ്യല്‍മീഡിയ മാറിയിരിക്കുകയാണ്. ഈയവസരത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ് അബുദാബി പോലീസ് അറിയിച്ചിരിക്കുന്നത്.

വിശ്വസനീയമായ മറ്റ് വെബ്സൈറ്റുകളുടെ ലോഗോയും ട്രേഡ്മാര്‍ക്കുകളുമൊക്കെ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടല്‍. ഉപഭോക്താക്കളുടെ വിവിധ യൂസര്‍നെയിമുകള്‍, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ കൈക്കലാക്കിയാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാട്സ്ആപ് ഉപയോഗിക്കാത്തവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്.

സിം ഇടാതെ തന്നെ പ്രത്യേക ആക്ടിവേഷന്‍ കോഡ് ഉപയോഗിച്ച് വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന സൗകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ്.എം.എസ് ആയി ഫോണില്‍ ലഭിക്കുന്ന ഈ ആക്ടിവേഷന്‍ കോഡ് ലഭിക്കാനായി ആദ്യം ഫോണ്‍ ചെയ്യും. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍ അവരുടെ ഫോണില്‍ വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയാണ് ചെയ്യുന്നത്.

സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് കാണിച്ച് അയക്കുന്ന ഈ സന്ദേശങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ കൈക്കലാക്കി പണം തട്ടും. ഇത്തരം തട്ടിപ്പുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

 

Related posts