മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലിമിന്റെ പരോൾ അപേക്ഷ തള്ളി. വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോൾ ആവശ്യപ്പെട്ടാണ് അബു സലിം അപേക്ഷ നൽകിയത്. സയദ് ബഹർ കൗസർ എന്ന യുവതിയുമായി മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു അബു സലിമിന്റെ പദ്ധതി.
വെള്ളിയാഴ്ചയാണ് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ നവി മുംബൈ കമ്മീഷണർ തള്ളുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അബു സലിം മുംബൈയിലെ തലോജ ജയിലിലാണു കഴിയുന്നത്. സലിമിന്റെ പരോൾ അപേക്ഷ നിരസിച്ച വിവരം തലോജ ജയിൽ സൂപ്രണ്ടന്റ് സ്ഥിരീകരിച്ചു.
2014ൽ അബു സലിമിനൊപ്പം മുംബൈയിൽനിന്നു ലക്നോവിലേക്കു യാത്ര ചെയ്തതോടെ ബഹറും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതോടെ തന്റെ പേര് നശിപ്പിക്കപ്പെട്ടെന്നും സലിമുമായി വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ജീവനൊടുക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ബഹർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
250 പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടനങ്ങൾക്കുശേഷം ഇയാൾ നടിയും കാമുകിയുമായ മോനിക്ക ബേദിക്കൊപ്പം ഇന്ത്യ വിട്ടിരുന്നു. പോർച്ചുഗലിൽ സങ്കേതം കണ്ടെത്തിയ ഇരുവരും 2002ൽ പോർച്ചുഗൽ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണു താമസിച്ചിരുന്നത്.
2003ൽ ഒരു പോർച്ചുഗൽ കോടതി അബു സലീമിന് നാലര വർഷവും ബേദിയ്ക്കു രണ്ടു വർഷവും തടവുശിക്ഷ വിധിച്ചു. വ്യാജരേഖ ചമച്ചതും അറസ്റ്റ് പ്രതിരോധിക്കാൻ ശ്രമിച്ചതുമാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ.
ഇന്ത്യയിൽ തിരികെയെത്തിയാൽ വധശിക്ഷ വിധിക്കില്ലെന്നു പോർച്ചുഗലുമായി ധാരണയാക്കിയാണ് ഇന്ത്യ ഇരുവരെയും രാജ്യത്തേക്കു മടക്കിക്കൊണ്ടുവന്നത്.