പൂച്ചാക്കൽ: ചേർത്തല അരൂക്കുറ്റി പാദുവാപുരം പള്ളി ഉൾപ്പെടെയുള്ള ദേവാലയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൻ തുടർച്ചയായി നടന്നിരുന്ന മോഷണ കേസിലെ പ്രതി പിടിയിലായി.
പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ തൃച്ചാറ്റുകുളം തുണ്ടത്തിപ്പറമ്പിൽ അബൂബക്കർ (35 ) ആണ് പിടിയിലായത്.
അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തിയും നേർച്ചപ്പെട്ടിയും മോഷ്ടിച്ച് ചതുപ്പിൽ ഇട്ടിരുന്നു.
കൂടാതെ മധുരക്കുളം ക്ഷേത്രം, കോട്ടൂർ ജുമാ മസ്ജിദ്, കാട്ടിലമഠം ക്ഷേത്രം, മൂലംകുഴി ക്ഷേത്രം എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.
കാണിക്ക വഞ്ചികളിൽ നിന്നു മോഷ്ടിച്ച പണം ഇയാളുടെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. പ്ലംബിംഗ് , ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന ഇയാൾ രാത്രി പണിയുണ്ടെന്നും പറഞ്ഞാണ് പണിയായുധങ്ങളുമായി വീട്ടിൽനിന്ന് ഇറങ്ങുന്നത്.
സ്ഥലത്തെ ഇടവഴികളെല്ലാം അറിയാവുന്ന ഇയാൾ സൈക്കിളിൽ സഞ്ചരിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
അറസ്റ്റു ചെയ്ത പ്രതിയുമായി മോഷണം നടന്ന സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. പാണാവളളി
മധുരക്കുളം ക്ഷേത്രത്തിൽ നിന്നു പൊളിച്ച കാണിക്ക വഞ്ചി അമ്പലക്കുളത്തിൽ നിന്നു കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൂച്ചാക്കൽ എസ്ഐ കെ.ജെ. ജേക്കബ് പറഞ്ഞു.
പിടിയിലായത് മറ്റൊരു മോഷണശ്രമത്തിനിടെ
പൂച്ചാക്കൽ: കാണിക്കപ്പെട്ടി മോഷ്ടാവ് പോലീസിന്റെ വലയിൽ പെട്ടത് കുടപുറം ക്ഷേത്രത്തിലെ കാണിക്കപ്പെട്ടി പൊട്ടിക്കാൻ പോകുന്നതിനിടെയാണെന്ന് പോലീസ്.
വടുതലയിൽ മോഷണം നടന്ന പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് സെന്റ് ജേക്കബ് ദേവാലയം സന്ദർശിക്കുകയും തുടർന്ന് പൂച്ചാക്കൽ സ്റ്റേഷനിലെത്തി മോഷ്ടാവിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയൂം ചെയ്തു.
ചേർത്തല സബ്ഡിവിഷനിലെ ഓരോ പോലീസ് സ്റ്റേഷനിൽ നിന്നു പ്രത്യേകം പോലീസുകാരെ രാത്രി പട്രോളിംഗിനായി മഫ്തിയിൽ മോട്ടോർ സൈക്കിളിൽ നിയോഗിച്ചയയ്ക്കുകയായിരുന്നു.
ചേർത്തല ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും രംഗത്തിറങ്ങി.
ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവിനെ കുടപുറം ഭാഗത്തു കാണുകയും പോലീസിന്റെ നേരെ കമ്പിപ്പാര വീശിയ ശേഷം ഇയാൾ ഓടുകയും ചെയ്തു.
തുടർന്ന് പ്രദേശം വളഞ്ഞ പോലീസുകാർ വെളുപ്പിനെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നു മോഷണം നടത്തുന്നതിനുള്ള ഉപകരണങ്ങളും സൈക്കിളും പോലീസ് കണ്ടെടുത്തു.