ഒരു മനുഷ്യായുസ് മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം ആർക്കും വേണ്ടാതായ വയോധികന് കൈത്താങ്ങായി കേരള പോലീസ്. പാലക്കാട് ചാലിശേരി സ്വദേശിയായ 70 കാരൻ അബുബക്കറിനെയാണ് സ്വത്തിന്റെ പേരിൽ ഭാര്യയും മക്കളും അകറ്റി നിർത്തിയത്.
മൂന്ന് പതിറ്റാണ്ടുകൾ പ്രവാസ ജീവിതം നയിച്ച് സമ്പാദിച്ച സ്വത്തുക്കൾ എല്ലാം നൽകിയിട്ടും അവഗണനയായിരുന്നു കുടുംബത്തിൽ നിന്നും ലഭിച്ചത്. അവശേഷിക്കുന്ന സമ്പാദ്യം കൂടി അവരുടെ പേരിൽ എഴുതി നൽകിയാലെ നോക്കുകയുള്ളു എന്ന് പറഞ്ഞ് അദ്ദേഹത്തെ മക്കളും ഭാര്യയും ഉപേക്ഷിക്കുകയായിരുന്നു.
ജനമൈത്രി ബീറ്റ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് ചാലിശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അബൂബക്കറിനെ കണ്ടത്. ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന വീട്ടിൽ കിടന്ന മനുഷ്യനെ ഉപക്ഷിച്ചു പോരാൻ തോന്നാതിരുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകുകയായിരുന്നു.
ചാലിശേരി എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് എന്നിവർ സാമൂഹ്യപ്രവർത്തകരോടൊപ്പം ഇവിടെയെത്തി അബൂബക്കറിന്റെ വീടും പരിസരവും വൃത്തിയാക്കി നൽകി. മാത്രമല്ല അദ്ദേഹത്തിന് കൃത്യമായി ഭക്ഷണവും വസ്ത്രവും എത്തിച്ചുനൽകുന്നതിനുള്ള ഏർപ്പാടുകളും അവർ ചെയ്തു നൽകി.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിനൊപ്പം ജനോപകാര പ്രവർത്തിയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.