നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും നേട്ടം മലയാളിക്കുതന്നെ. ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിൽ മലയാളിയായ മനു മോഹനനാണ് മൂന്നു കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) ലഭിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ കോടിപതിയാക്കിയത്. ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന മനു നഴ്സായി ജോലി ചെയ്യുകയാണ്.
പതിനാറോളം സുഹൃത്തുക്കളുമായി ചേർന്നാണ് മനു ടിക്കറ്റ് എടുത്തിരുന്നത്. കഴിഞ്ഞ മാസവും ഗ്രാന്റ് പ്രൈസ് മലയാളിക്കുതന്നെയായിരുന്നു. അന്ന് വിജയിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ഇത്തവണത്തെ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.