യുഎഇയിലെ സാദിയാത്ത് ദ്വീപിലുള്ള വിഖ്യാതമായ ലവ്റേ അബുദാബി മ്യൂസിയത്തിൽ ഇന്ത്യയിൽനിന്നും യൂറോപ്പിൽ നിന്നുമുള്ള പൗരാണിക ക്രൈസ്തവ, ഹൈന്ദവ വിഗ്രഹങ്ങളും ചിത്രങ്ങളും കാണികളുടെ ശ്രദ്ധ നേടുന്നു. ഇസ്ലാമിക പാരന്പര്യത്തി നൊപ്പമോ, അതിലേറെയോ ആണ് ഈ മ്യൂസിയത്തിലെ ക്രൈസ്തവ, ഹിന്ദു, ഗ്രീക്ക്, ചൈനീസ് പൗരാണികതകളുടെ പ്രദർശനമെന്നതാണു പ്രത്യേകത.
യേശുക്രിസ്തുവിന്റെയും കന്യകാമാതാവിന്റെയും ഉണ്ണിയേശുവിനെ കൈകളിലേന്തി നിൽക്കുന്ന മാതാവിന്റെയും പഴക്കം ചെന്ന നിരവധി മാതൃകകളും ചിത്രങ്ങളും കുരിശുകളും പെയിന്റിംഗുകളും ശേഖരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉണ്ണിയും കന്യകയുമെന്ന 1500ലേറെ വർഷം പഴക്കമുള്ള ശില്പം ഫ്രാൻസിലെ നോർമണ്ടിയിൽനിന്നെത്തിച്ചതാണ്.
ഫ്രാൻസിലെ തന്നെ ലിമോസിനിൽനിന്നു കൊണ്ടുവന്ന അമൂല്യ രത്നങ്ങൾ പതിച്ച വർണക്കുരിശിന് 1250-ാം ആണ്ടിലേതാണെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. 1300 കാലഘട്ടത്തിലെ കുരിശു പതിച്ച കല്ലിൽ തീർത്ത ശവക്കല്ലറയും കൂട്ടത്തിലുണ്ട്.
വലിയ ആനക്കൊന്പിൽ കൊത്തിയെടുത്ത, യേശുക്രിസ്തുവിന്റെ ജീവിത കഥകളുടെ 1350-1400 കാലഘട്ടത്തിലെ ശേഖരവും അമൂല്യമാണ്. ജർമനിയിൽനിന്നു കിട്ടിയതാണിത്. ക്രൂശിതനായ യേശുവിന്റെ 1,500 വർഷം പഴക്കമുള്ള, ഗ്രീസിൽനിന്നു കിട്ടിയ ഓയിൽ പെയിന്റിംഗ് ആണ് മ്യൂസിയത്തിലെ മറ്റൊരു അമൂല്യ ശേഖരം.
തമിഴ്നാട്ടിലെ ചോള രാജവംശത്തിന്റെ ശേഖരത്തിലുണ്ടായിരുന്നതാണ് 950 -1000 വർഷങ്ങളിലെ പൗരാണികതയുള്ള ഡാൻസ് ചെയ്യുന്ന ശിവന്റെ രൂപം. ചൈനയിലെ ഷാൻസി പ്രവിശ്യയിൽനിന്നു കിട്ടിയ ബുദ്ധപ്രതിമ 1050-1150 കാലഘട്ടത്തിലേതാണ്.
മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും യുഎഇ നൽകുന്ന പ്രാധാന്യം ആധുനികമായ ലവ്റേ മ്യൂസിയത്തിൽ തെളിയുന്നുവെന്ന് അമേരിക്കയിൽനിന്നെത്തിയ ജോർജ് വെൽസും സോഫിയ, ഇസബെല്ല തുടങ്ങിയവരും പറഞ്ഞു.