നമ്മുടെ രാജ്യത്തുനിന്ന് വ്യത്യസ്തമായി വിദേശരാജ്യങ്ങളില്‍ ചെറിയ കുറ്റങ്ങള്‍ക്ക് പോലും കര്‍ശനമായ ശിക്ഷയാണ് നല്‍കിവരുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലാണ് ഇത്തരത്തില്‍ റോഡില്‍ വാഹനവുമായി അഹ്യാസപ്രകടനം നടത്തിയ യുവാവിന് റോഡ് വൃത്തിയാക്കുന്ന ശിക്ഷ ലഭിച്ചത്. അതും ഒരു ദിവസമൊന്നുമല്ല, മൂന്ന് മാസമാണ് റോഡ് വൃത്തിയാക്കേണ്ടത്. അബുദാബി ജുഡീഷ്യല്‍ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് വൃത്തിയാക്കുന്നതിന് പുറമെ 17000 ദിര്‍ഹം പിഴയും ഒടുക്കാനും കോടതി ഉത്തരവിട്ടു. പിടിച്ചുവയ്ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് തടഞ്ഞുവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് യുവാവ് അപകടകരമാം വിധത്തില്‍ വാഹനം ഓടിച്ചത്.
അല്‍ ഷംഖ മേഖലയിലെ ഒരു സ്കൂളിന് മുന്‍വശത്താണ് യുവാവ് കാറുമായി ആഭ്യാസപ്രകടനം നടത്തിയത്. അഭ്യാസപ്രകടനത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് നിരവധിയാളുകള്‍ വഴിയുടെ ഇരുവശത്തും കൂടിനില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രകടനത്തിനിടെ കാര്‍ തെന്നിനീങ്ങി കൂടിനിന്ന ആളുകളുടെ ഇടയിലേക്ക് കയറുന്നതും ഏതാനും പേര് വീഴുന്നതും വീഡിയോയില്‍ കാണാം. ഇതിനൊക്കെ പുറമെ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുകയായിരുന്നു. അബുദാബിയിയല് ആദ്യമായാണ് ഒരു കുറ്റത്തിന് ഇത്തരം ശിക്ഷ വിധിക്കുന്നത്.