ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തി കോണ്ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ വിജയം വികസന അജണ്ടയുടെ അംഗീകാരമാണെന്നും വിമർശിക്കുന്പോൾ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രതിപക്ഷത്തെ മാത്രമല്ല, ബിജെപിക്കാരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണുണ്ടായത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണിത്. ഒരു ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നതാണു മോദിയുടെ ജനപ്രീതിയുടെ കാരണം.
“നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുന്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക’ എന്ന മഹാത്മ ഗാന്ധിയുടെ വാചകം മോദി കൃത്യമായി നിർവഹിച്ചെന്നും അബ്ദുള്ളക്കുട്ടി പ്രശംസിച്ചു.
സ്മാർട്ട് സിറ്റികൾ, ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ നിരവധി സ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നു. മോദിയെ വിമർശിക്കുന്പോൾ ഈ യാഥാർഥ്യങ്ങൾ വിസ്മരിക്കുതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിനു കൈകോർക്കുന്ന ഭരണ-പ്രതിപക്ഷ ശൈലി ചർച്ചയ്ക്കെടുക്കാൻ സമയമായെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.