പാലോട് : സൈബർ സെൽ പോലീസ് ചമഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പാലോട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ മടത്തറ ഇലവു പാലം തേരിയിൽ ബർക്കത്ത് മൻസിലിൽ അബുൽഷിബു (44) ആണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പിടിയിലായത്.
പ്രതി ഇന്റർനെറ്റ് കോൾ മുഖാന്തരം സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഒന്നര വർഷം മുന്പാണ് തട്ടിപ്പ് നടത്തിയത്. വീട്ടമ്മയുടേയും മക്കളുടേയും കുടുംബ കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ച് വിശ്വസിപ്പിച്ചശേഷം ചില ഫോട്ടോകളും വീഡിയോകളും സൈബർ സെല്ലിന് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിനുവേണ്ടി അതേ രീതിയിലുള്ള ദൃശ്യങ്ങൾ വേണം എന്ന് ധരിപ്പിച്ച് വീട്ടമ്മയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയശേഷം സർക്കാരിൽ പത്ത് ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും പറഞ്ഞ് പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് രണ്ടു തവണയായി പത്തുലക്ഷം രൂപ തട്ടിയെടുക്കുകയും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ യുവതി പാലോട് പോലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്ത് കഴിഞ്ഞു വന്നിരുന്ന പ്രതിയുടെ നാട്ടിലുള്ള കൂട്ടുപ്രതികൾ ചേർന്ന് പണം തട്ടുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി അബുൽഷിബുവിന്റെ ഭാര്യയുമായ മദീനയേയും മൂന്നും നാലും പ്രതികളായ ഷാൻ, മുഹമ്മദ് ഷാഫി എന്നിവരെ എട്ടു മാസം മുന്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുപ്പതിനായിരത്തോളം മെബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് ഹൈടെക്ക് സെൽ മുഖാന്തരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടാക്കിയത്.മുഖ്യപ്രതി അബുൽഷിബു വിദേശത്തായതിനാൽ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്നും ഗൾഫ് എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.