ഗാന്ധിനഗർ: ജില്ലാ ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ രോഗിയെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് അമിത ചാർജ് ഈടാക്കുന്നതായി പരാതി.രോഗികളും ആംബുലൻസ് ഡ്രൈവറുമായി ചാർജ് സംബന്ധിച്ച തർക്കംകേട്ട് അന്വേഷിക്കാനെത്തിയ പോലീസിനോട് നിങ്ങൾക്കെന്താ കാര്യം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ കൂലി ഞാൻ നിശ്ചയിക്കുമെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞുവത്രേ.
ഇന്നലെ രാത്രി ഏഴിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ചിങ്ങവനം പോലിസ് സ്റ്റേഷൻ അതിർത്തിയിൽ മുരുകൻ, അനിൽ എന്നിവർക്ക് മർദനമേറ്റിരുന്നു. ഇവരെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നിട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
ഇതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസിൻ കയറ്റി മെഡിക്കൽ കോളജിൽ കൊണ്ടുവന്നു. കോട്ടയത്തുനിന്ന് മെഡിക്കൽ കോളജ് വരെ വന്നതിന് ആംബുലൻസ് ഫീസായി 1500രൂപ ഡ്രൈവർ ആവശ്യപ്പെട്ടു. ഇത്രയും തുകയില്ലല്ലോയെന്ന് രോഗികൾ പറഞ്ഞു. ഇത് പറ്റില്ലെന്ന് ഡ്രൈവർ.
ഇവർ തമ്മിൽ തർക്കമായി. ഈ സമയം ഇവരുടെ കേസ് സംബന്ധിച്ച് അന്വേഷിക്കുവാൻ ചിങ്ങവനത്തു നിന്ന് ഒരു എഎസ്ഐ അത്യാഹിത വിഭാഗത്തിലെത്തിയിരുന്നു. ചാർജ് സംബന്ധിച്ച് ഡ്രൈവറുമായുള്ള തർക്കവും ബഹളവും കേട്ട് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി പി ഒ നിയാസും എത്തി.
കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ ഡ്രൈവറുടെ ചോദ്യം പോലീസിനെന്താ ഇവിടെ കാര്യം, ഞാൻ ഓടിക്കുന്ന വാഹനത്തിന് ഞാൻ നിശ്ചയിക്കുന്നതാണ് ചാർജ് എന്ന് പറഞ്ഞ് ഇയാൾ ക്ഷുഭിതനായി. തുടർന്ന് വാക്കു തർക്കം രൂക്ഷമായി.
ഡ്രൈവറോട് ബിൽ ബുക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതോടെ സംഗതി കുഴപ്പമാകുമെന്ന് ഡ്രൈവർക്ക് മനസിലായി. അയാൾ ബിൽ ബുക്ക് കൊണ്ടുവന്ന് 250രൂപ വാങ്ങി സ്ഥലം വിട്ടു.
ഈ ഡ്രൈവർ ഇതിന് മുൻപ് മൂന്നതവണ ഇത്തരത്തിൽ അമിത ചാർജ് രോഗികളുടെ ബന്ധുക്കളിൽ നിന്ന് വാങ്ങിയതിനെ തുടർന്ന് ബഹളം ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം ജീവനക്കാർ പറഞ്ഞു.