നെല്ലിയാന്പതി: പഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വാങ്ങിയ ആംബുലൻസ് കട്ടപുറത്തു തന്നെ. പട്ടികജാതി-വർഗ തോട്ടം തൊഴിലാളികൾക്കും മറ്റും ആപത്ഘട്ടങ്ങളിലുള്ള ആവശ്യങ്ങൾക്കായി 2010 സാന്പത്തികവർഷത്തിൽ 8.5 ലക്ഷം രൂപ വകയിരുത്തി വാങ്ങിയതാണ് ആംബുലൻസ്.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റിട്ട ഷെഡിനു താഴെ പൊടിപിടിച്ച് നശിക്കുന്ന വാഹനത്തെ റോഡിലിറക്കാനും മറ്റുമായി ജനങ്ങൾ സമിതിയുണ്ടാക്കി. ആംബുലസ് ഡ്രൈവറുടെ നിയമനം, വാഹനത്തിന്റെ അറ്റകുറ്റപണികൾക്കായി വരുന്ന തുക കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ സമിതി ചർച്ചചെയ്തു. 2015ൽ ആംബുലൻസ് നിരത്തിൽ ഇറങ്ങി.
ആഴ്ചകൾ മാത്രം സർവീസ് നടത്തിയ വാഹനത്തിനു വീണ്ടും പഞ്ചായത്ത് കെട്ടിടത്തിലാണ് വിശ്രമം. വർഷങ്ങളായി സർവീസ് നടത്താതെ പൊടിപിടിച്ചു കിടക്കുന്ന ആംബുലൻസിനു മുകളിലെ ലൈറ്റുകളും വൈപ്പറുകളും പരസരത്തെ വാനരന്മാർ നശിപ്പിച്ചു. വാഹനപകടങ്ങളും വന്യമൃഗശല്യങ്ങളും കൂടിവരുന്ന മേഖലയിൽ ആംബുലൻസ് സൗകര്യങ്ങൾ വേണമെന്നാവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്.
അപകടത്തിൽപ്പെട്ടരെ മുപ്പതിലേറേ കിലോമീറ്റർ യാത്ര ചെയ്തുവേണം ഏകാശ്രയമായ നെന്മാറ ആശുപത്രിയിലെത്തിക്കാൻ. മിനിമം വേതനത്തിനു പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആംബുലൻസ് സൗകര്യം ഒരനുഗ്രഹമാകും.
ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാവശ്യം ചിറ്റൂർ താലൂക്കിൽ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ വി.എസ്.പ്രസാദ്, കെ.ജെ ഫ്രാൻസിസ് എന്നിവർ ചേർന്ന് നല്കി.