കണ്ണൂർ: സമൂഹ മാധ്യമത്തിൽ കോൺഗ്രസ് നിലപാടിനു വിരുദ്ധമായി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് പോസ്റ്റുകളിടുകയും കോൺഗ്രസ് നേതാക്കളെ വിമർശിക്കുകയും ചെയ്ത സംഭവത്തിൽ എ.പി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി. ഇന്നു രാവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി അറിയിച്ചത്.
വിവാദമായ ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് കെപിസിസി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നല്‍കണമെന്നായിരുന്നു കെപിസിസി ആവശ്യപ്പെട്ടത്. എന്നാൽ ഇതിനു മറുപടി നൽകാതിരുന്ന അബ്ദുള്ളക്കുട്ടി ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയല്ല നോട്ടീസ് അയച്ചതെന്നും പറഞ്ഞിരുന്നു.
കൂടാതെ താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നെന്ന നിലപാടായിരുന്നു അബ്ദുള്ളക്കുട്ടിയുടേത്. വിവാദ പോസ്റ്റ് പിൻവലിക്കാനോ തിരുത്താനോ അദ്ദേഹം തയാറായിരുന്നില്ല. ഇതേ തുടർന്നാണ് കെപിസിസി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയുടെ വിജയം മഹാവിജയമാണെന്ന് പറഞ്ഞായിരുന്നു അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.
നരേന്ദ്ര മോദിയ പ്രശംസിച്ചു ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനു പിന്നാലെ കോൺഗ്രസ് നേതാവ് വി.എം.സുധീരനും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനെതിരേയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെല്ലാം പുറമേ ഇന്നലെ കെപിസിസി വർക്കിംഗ് പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം നിയുക്ത എംപിയുമായ കെ. സുധാകരനെതിരേയും അബ്ദുള്ളക്കുട്ടി വിമർശനം ഉന്നയിച്ചിരുന്നു.