കൊട്ടിയം: ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും ദാഹം മാറ്റാന്‍ ഡീസലെടുത്ത് കുടിക്കേണ്ട ഗതികേടിലാണ് പറക്കുളത്തെ നിരവധി കുടുംബങ്ങള്‍. വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായതാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. ഈ വെള്ളമെടുത്ത് വാഹനങ്ങള്‍ക്കൊഴിച്ചാലോ എന്ന ആലോചനയും നാട്ടുകാര്‍ക്കുണ്ട്.
അതേസമയം, കിണറുകളിലേക്കുള്ള ഡീസലിന്റെ വഴി കണ്ടെത്താന്‍ അധികൃതര്‍ പണി പലതും നോക്കിയിട്ടും രക്ഷയില്ല. ഒരു കുപ്പിയില്‍ വെള്ളം എടുത്താല്‍ പകുതി ഡീസലാണ്. കിണറ്റിലെ വെള്ളം ഉപയോഗിച്ച് അടുപ്പുകത്തിക്കാനും വിറകു കത്തിക്കാനുമാകുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സമീപത്തെ പെട്രോള്‍ പമ്പിലെ ഇന്ധനടാങ്ക് ചോര്‍ന്നു കിണറുകളില്‍ ഡീസല്‍ എത്തുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകൂടം, ജിയോളജി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ എത്തി പരിശോധിച്ചു. ടാങ്ക് പരിശോധിച്ചെങ്കിലും ചോര്‍ച്ച കണ്ടെത്താനായില്ല.
പക്ഷേ പ്രദേശത്തെ 10 വീടുകളിലെ കിണറുകളില്‍ ആറുമാസമായി ഡീസല്‍ സാന്നിധ്യം തുടരുകയാണ്. ജനം പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ മയ്യനാട് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു. എല്ലാ വീടുകളിലേക്കും ടാങ്കറിലും ചില വീട്ടുകാര്‍ക്കു പൈപ്പ് വഴിയും വെള്ളം എത്തിച്ചു. ഇപ്പോള്‍ ഇതും ഇല്ല. കാലവര്‍ഷം തകര്‍ത്തു പെയ്തിട്ടും കിണറുകള്‍ ‘എണ്ണക്കിണറു’കളായി തുടരുകയാണ്. വെള്ളം വെള്ളം സര്‍വത്ര തുള്ളികുടിക്കാനില്ലത്ര എന്നു പറഞ്ഞതു പോലെയാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതം.