തിരുവനന്തപുരത്ത് 14കാരിയായ സ്കൂള്‍ വിദ്യാര്ഥിനിയിലെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ.
പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു (33)വിനെയാണ് ശിക്ഷിച്ചത്. അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.
2014 ലാണ് സംഭവം നടന്നത്. സെബാസ്റ്റ്യന്‍ ഷൈജു ട്യൂഷന് എടുത്തിരുന്ന വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു.
2017 ഡിസംബറില്‍ 25ന് പെണ്‍കുട്ടിക്ക് ഫോണിലൂടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഐഡിയും വിഡിയോ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളും അയച്ചു കൊടുക്കുകയും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന് ആരോപിച്ച കുറ്റം.
കേസിന്റെ വിചാരണ വേളയില്‍ അതിജീവിത രോഗം മൂലം മരിച്ചു. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം, കഠിന ലൈംഗിക അതിക്രമം, സൈബര്‍ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
ബലാത്സംഗ കുറ്റത്തിന് 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്തയാളോട് കഠിന ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, ഐടി ആക്ട് പ്രകാരം 3 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ആണ് വിധിച്ചത്. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ 13 മാസം കൂടി തടവ് അനുഭവിക്കണം.
ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നും വിചാരണത്തടവുകാലം ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടെന്നും ഉത്തരവിലുണ്ട്.
കഠിനംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കടയ്ക്കാവൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ജി ബി മുകേഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന് ഹാജരായി.