ന്യൂഡൽഹി: മാനഭംഗപ്പെടുത്തുമെന്ന് എബിവിപിക്കാർ ഭീഷണിപ്പെടുത്തിയതായി കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗർ. കൊല്ലുമെന്നും മാനഭംഗപ്പെടുത്തുമെന്നുമാണ് ഭീഷണിയെന്ന് ഗുർമെഹർ പറയുന്നു. കഴിഞ്ഞ ദിവസം എബിവിപിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവുമായി ഗുർമെഹർ രംഗത്ത് വന്നിരുന്നു. ഇതിനെതുടർന്നാണ് ഇവർക്ക് വധഭീഷണി ഉണ്ടായത്.
ഡൽഹി രാംജാസ് കോളജിൽ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗുർമെഹർ കൗർ എബിവിക്കെതിരെ രംഗത്ത് വന്നത്. വെള്ളക്കടലാസിൽ എഴുതിയ പ്രതിഷേധക്കുറിപ്പുമായി നിൽക്കുന്ന തന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഗുർമെഹറിന്റെ പ്രതിഷേധം. ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഞാൻ എബിവിപിയെ ഭയക്കുന്നില്ല. ഞാൻ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും എനിക്കൊപ്പുണ്ട്. എബിവിപിക്ക് എതിരായ വിദ്യാർഥികൂട്ടായ്മയെന്ന ഹാഷ് ടാഗിലാണ് ഗുർമെഹർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന പ്രവർത്തനങ്ങളെയെല്ലാം എബിവിപി തടുക്കുമെന്ന് സകേത് ബാഹുഗുണ പറഞ്ഞു.
സംസാരശേഷിയില്ലാത്ത ഗുർമെഹറിന്റെ പോസ്റ്റ് ഇതിനകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കി. രാംജാസ് കോളേജിന് മുന്നിൽ എബിവിപി അഴിച്ചു വിട്ട ആക്രമണമാണ് ഇരുപതുകാരിയെ പ്രകോപിപ്പിച്ചത്.
രാംജാസ് കോളേജിലെ ലിറ്ററേച്ചർ ഫെസ്റ്റിൻറെ ഭാഗമായുള്ള സെമിനാറിലേക്ക് ജഐൻയു വിദ്യാർഥികളായ ഉമർ ഖാലിദിനും ഷെഹ്ല റാഷിദിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇവരെ കോളജിൽ കയറ്റില്ലെന്ന എബിവിപി നിലപാടുമൂലം ഉമർ ഖാലിദിനേയും ഷെഹ്ല റാഷിദിനേയും ക്ഷണിക്കേണ്ടയെന്ന് കോളജ് അധികൃതർതീരുമാനിച്ചു. ഇതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു. ബുധനാഴ്ച എസ്എഫ്ഐ, എഐഎസ്എ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിൽ അധ്യാപകരുൾപ്പെടെ 20 പേർക്കാണ് പരിക്കേറ്റത്.