നെടുമങ്ങാട് : നഗരസഭാ ചെയർപേഴ്സൻ ലേഖാവിക്രമന്റെ പൂവത്തൂരുള്ള രേവതി ഭവന് നേരെ രാത്രി ആക്രമണം നടന്നു .ആക്രമണത്തിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ , ബൈക്ക് , വീടിന്റെ ജനൽ ചില്ലുകൾ എന്നിവ തകർത്തു .രാത്രി ഒന്നോടെ ബൈക്കുകളിൽ എത്തിയ ഒരു സംഘം അക്രമികളാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികൾ പറഞ്ഞു .വാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി എത്തിയവർ വീടിന്റെ വാതിൽ ചവിട്ടി തുറക്കാൻ ശ്രമം നടത്തി .
വീട്ടിൽ ഉണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് അയൽവാസികൾ ഉണരുകയും അക്രമികൾ രക്ഷപ്പെടുകയുമായിരുന്നു .വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ , ഭർത്താവ് വിക്രമൻ ,വിക്രമന്റെ മാതാവ് , മക്കളായ വിഷ്ണു , വൈഷ്ണവ് എന്നിവർ വീട്ടിലുണ്ടായിരുന്നു . തിരുവനന്തപുരം എം ജി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ വിഷ്ണു എസ്എഫ് ഐ പ്രവർത്തകനാണ് .
ഇന്നലെ കോളജിൽ എസ് എഫ് ഐ – എ ബി വി പി സംഘർഷം നടന്നിരുന്നു .ഇതിന്റെ തുടർച്ചയായി എസ്എഫ് ഐ പ്രവർത്തകനായ വിഷ്ണുവിനെയും കുടുംബത്തെയും ബി ജെപി പ്രവർത്തകർ ആക്രിമിക്കുകയായിരുന്നുവെന്നു എൽ ഡി എഫ് നേതാക്കൾ ആരോപിച്ചു .
വീടിനു മുന്നിൽ നിന്നും അക്രമി സംഘത്തിന്റേതെന്നു കരുതുന്ന വടിവാൾ പോലീസ് കണ്ടെത്തി .സി. ദിവാകരൻ എം എൽ എ , നഗരസഭാ ചെയർമാൻ സഹദേവൻ , എൽ ഡി എഫ് നേതാക്കളായ അഡ്വ .ആർ .ജയദേവൻ ,പാട്ടത്തിൽ ഷെരീഫ് , എം സി കെ നായർ , എസ് . എസ് ബിജു തുടങ്ങിയവർ വീട് സന്ദർശിച്ചു .കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു .നെടുമങ്ങാട് എസ് ഐ ഡി .ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് എത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു .