തിരുവനന്തപുരം: ഇന്നു തലസ്ഥാനത്ത് നടക്കുന്ന എബിവിപി റാലിയിൽ പങ്കെടുക്കാനെത്തിയവർക്ക് ഒൗദ്യോഗിക അനൗണ്സ്മെന്റ് സംവിധാനം ഉപയോഗിച്ച് സ്വാഗതമാശംസിച്ചും നിർദേശങ്ങൾ നൽകിയും റെയിൽവേ. ഇന്നലെ തന്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ അറിയിപ്പുകൾ നൽകാൻ മാത്രം ഉപയോഗിക്കുന്ന സംവിധാനം എബിവിപി റാലിക്കാരെ സ്വീകരിക്കാൻ ഉപയോഗിച്ചത്.
ഓരോ ട്രെയിൻ വന്നുപോകുന്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേരലുണ്ടായി.റാലിയിൽ പങ്കെടുക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകർ വെള്ളിയാഴ്ച രാവലെ മുതൽ തന്പാനൂരിൽ എത്തിയിരുന്നു. ഇവർക്കായി സ്റ്റേഷനിൽ മൂന്ന് കൗണ്ടറുകൾ സംഘാടകൾ ഒരുക്കിയിരുന്നു.
പ്രവർത്തകർക്കുവേണ്ട നിർദേശങ്ങളും അനൗണ്സ്മെൻറിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാർക്ക് നൽകുന്നതിനിടെയാണ് പ്രവർത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശവും വന്നത്. ഒൗദ്യോഗിക അറിയിപ്പുകൾക്ക് പുറമെ ഏജൻസിവഴി ലഭിക്കുന്ന പരസ്യങ്ങൾ ഡിവിഷൻ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നൽകാറുണ്ട്. എന്നാൽ രാഷ്്ട്രീയപാർട്ടികളുടെ ഇത്തരം ജാഥകളോ മറ്റു പരിപാടികളോ സംബന്ധിച്ച അറിയിപ്പ് റെയിൽവേ നൽകുന്നത് ഇതാദ്യമാണ്.