തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ വീടെന്ന് തെറ്റിദ്ധരിച്ച് എബിവിപി പ്രവർത്തകർ അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലേക്ക് മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയായിരുന്നു സംഭവം. വൈസ് ചാൻസലർ ഡോ. മഹാദേവൻപിള്ളയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് പോങ്ങുംമൂട് അർച്ചന നഗറിലെ അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലേക്ക് എബിവിപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കടന്ന് കയറിയത്.
വൈസ് ചാൻസലറുടെ വീട്ടിലേക്ക് പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. സഹോദരന്റെ വീടിനു സമീപമാണ് വൈസ് ചാൻസലറുടെ വീട്. പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.