കോഴിക്കോട്: സംഘടനാ പ്രവർത്തനത്തിനായി കേരളത്തിലേക്ക് കള്ളവണ്ടി കയറിയ എബിവിപി പ്രവർത്തകരിൽ നിന്ന് റെയിൽവേ 11, 200 രൂപ ഫൈൻ ഈടാക്കി. 11ന് തിരുവനന്തപുരത്ത് നടക്കുന്ന എബിവിപിയുടെ റാലിയിൽ പങ്കെടുക്കാൻ മധ്യപ്രദേശിൽ നിന്ന് ട്രെയിൻ കയറിയ എബിവിപി പ്രവർത്തകരാണ് ടിക്കറ്റ് എടുക്കാതെ കേരളത്തിലേക്ക് യാത്ര തിരിച്ചത്. 65 പേരടങ്ങുന്ന സംഘം ഇൻഡോർ കൊച്ചുവേളി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിലാണ് മധ്യപ്രദേശിൽ നിന്ന് യാത്ര തിരിച്ചത്.
എന്നാൽ വണ്ടി കണ്ണൂർ എത്തിയപ്പോൾ കംപാർട്ട്മെന്റിന്റെ വാതിൽ അടച്ചു മറ്റു യാത്രക്കാരെ കയറാൻ അനുവദിച്ചില്ല. തുടർന്ന് ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ ആർപിഎഫും റെയിൽവേ ഉദ്യോഗസ്ഥരും ഇവരുമായി സംസാരിച്ചു പ്രശ്നം ഒത്തു തീർപ്പാക്കി. എന്നാൽ ട്രെയിൻ സ്റ്റേഷൻ വിടാനൊരുങ്ങിയപ്പോൾ ഒരാൾ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 പേർ ടിക്കറ്റ് എടുത്തില്ലെന്ന് കണ്ടെത്തിയത്. ഇവരിൽ നിന്ന് പിഴ ഈടാക്കുകയായിരുന്നു.