കോട്ടയം: ഇന്നലെ അന്തരിച്ച ഇന്ത്യയുടെ മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയി കുമരകത്തെ ലോക ശ്രദ്ധയിൽ എത്തിച്ച വ്യക്തികളിൽ പ്രധാനിയാണ്. 2000 ഡിസംബറിലാണു വാജ്പേയ് കുമരകത്തെത്തിയത്. തുടർന്നു കുമരകത്തേക്ക് സ്വദേശികളും വിദേശികളുമായി നിരവധി പ്രമുഖരാണ് എത്തിയത്. കുമരകത്തെ താജ് ഹോട്ടലിൽ എത്തിയ ആദ്യത്തെ വിഐപിയും വാജ്പേയിയാണ്.
പുതുവർഷം കുമരകത്ത് ആഘോഷിച്ച വാജ്പേയ് താമസിച്ചിരുന്ന താജ് ഹോട്ടലിൽ തെങ്ങിൻ തൈ നടാനും മറന്നില്ല. പ്രധാനമന്ത്രിയായിരിക്കെയാണു കുമരകത്ത് എത്തിയത്. മൂന്നു ദിവസം കുമരകത്ത് താമസിച്ചപ്പോൾ കവിത എഴുതാനും സമയം കണ്ടെത്തി.
പ്രത്യേകമായി തയാറാക്കിയ വഞ്ചിവീട്ടിൽ രണ്ടു തവണ വേന്പനാട്ട് കായലിൽ അദ്ദേഹം യാത്ര നടത്തിയിരുന്നു. കായലിനു അഭിമുഖമായിട്ട് ഇരിക്കാവുന്ന രീതിയിലാണു അദ്ദേഹത്തിനുവേണ്ടി താജ് ഹോട്ടലിൽ മുറി ക്രമികരിച്ചിരുന്നത്.
പുതുവർഷ പുലരി അദ്ദേഹം ചെലവഴിച്ചതു വേന്പനാട്ട് കായലിലായിരുന്നു. കൊച്ചിയിൽനിന്നും പ്രത്യേക ഹെലികോപ്റ്ററിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹം റോഡു മാർഗമാണു കുമരകത്ത് എത്തിയത്. സന്ദർശനവേളയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബന്ധുക്കൾ കോട്ടയത്തെ കസവുകടകൾ സന്ദർശിച്ചു വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങിയിരുന്നു.
കാൽമുട്ടിനു ശസ്ത്രക്രിയയെ തുടർന്നുള്ള ആയുർവേദ ചികിത്സയ്ക്കുവേണ്ടിയായിരുന്നു അദേഹം എത്തിയത്. കോയന്പത്തൂർ ആര്യവൈദ്യ ഫാർമസിയിലെ മൂന്നു ഡോക്ടർമാരുടെ സംഘമാണു ചികിത്സയ്ക്കു നേതൃത്വം നല്കിയത്. തിരുമ്മ്, ഉഴിച്ചിൽ, സ്റ്റീംബാത്ത് എന്നിവയും അദ്ദേഹത്തിനായി ക്രമീകരിച്ചിരുന്നു.
സന്ദർശനവേളയിൽ കേരളീയ രീതിയിലുള്ള ഭക്ഷണങ്ങളായ പായസം, പാൽപായസം, വാഴ ഇലയിൽ പൊള്ളിച്ച കരിമീൻ എന്നിവയും തയാറാക്കിയിരുന്നു. മടങ്ങുന്നതിനു മുന്പായി ഹോട്ടൽ ജീവനക്കാർക്കു ഉപഹാരങ്ങൾ നല്കാനും അദ്ദേഹം മറന്നില്ല. 402 കോടിയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കുവാൻ സാധിച്ചില്ല.