ഒപ്പം വളര്‍ന്നവരും താന്‍ പ്രോത്സാഹനം നല്കി വളര്‍ത്തിയവരും ഉന്നതങ്ങളിലെത്തിയപ്പോള്‍ അധികമറിയപ്പെടാത്ത ഏതാനും സിനിമകളില്‍ മാത്രം പങ്കാളിയായി സിനിമാലോകത്തുനിന്ന് പുറകോട്ട് വലിഞ്ഞ വ്യക്തിയാണ് അന്തരിച്ച നടന് അബി. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന് ഷെയ്ന് നിഗം മലയാള സിനിമയുടെ മുഖമായി ഉയര്‍ന്നു വരികയാണ്. അസാധാരണ മികവോടെ കഥാപാത്രങ്ങളെ മനോഹരമാക്കുന്ന ഷെയ്നെ മലയാളികള്‍ നെഞ്ചേറ്റി കഴിഞ്ഞു.
കഴിഞ്ഞയാഴ്ച, കൃത്യമായി പറഞ്ഞാല്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ഖത്തറില്‍ വച്ചു നടന്ന അവാര്‍ഡ് ഷോയ്ക്കിടെ വാപ്പയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള ഭാഗ്യവും ഷെയ്ന് ഉണ്ടായി, അതും സിനിമയിലെ മികവിനുള്ള അവാര്‍ഡ്. അബിയാകട്ടെ, തന്റെ ജീവിതത്തിലെ അവസാന അവാര്‍ഡ് നല്കി. അതും തന്റെ മകന്. അവാര്‍ഡ് നല്കിയ ശേഷം നിറഞ്ഞ ചിരിയോടെ ഷെയ്നെ ചേര്‍ത്തു നിര്‍ത്തി ഉമ്മയും നല്കി, അബി.