ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു കലാഭവന്‍ അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ഇവര്‍ ഒന്നിച്ച ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന് അഭിനയിച്ച ഭൂരിഭാഗം പരസ്യങ്ങളിലും ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. അടുത്തിടെ ദിലീപ് വിവാദത്തിലും അബിയുടെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന ആരോപണത്തിലായിരുന്നു അബിയുടെ പ്രതികരണം. ആ വിവാഹത്തില്‍ അബിയാണ് സാക്ഷിയായി ഒപ്പിട്ടത് എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് അബി വ്യക്തമാക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ വല്യമ്മയെ കണ്ടു പഠിച്ചാണ് അബി ആമിനതാത്ത എന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തത്. മിമിക്രിവേദികളിലും കാസറ്റുകളിലും സ്കിറ്റുകളിലും ഈ കഥാപാത്രം അബിക്ക് കൈയടികളും പൂച്ചെണ്ടുകളും വാങ്ങി നല്‍കുന്നതിനൊപ്പം സിനിമയസിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട് ആമിനതാത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
അതേസമയം, ‘കിസ്മത്തി’ലൂടെ ശ്രദ്ധേയനായി മലയാള സിനിമയില്‍ മകന് ഷെയ്ന് കാലുറപ്പിക്കുന്നത് കണ്ടതിനുശേഷമാണ് അബിയുടെ വിയോഗമെന്നത് അബിയുടെ ആരാധകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. ബിടെക് വിദ്യാര്‍ഥിയായ ഷെയ്ന് ഒട്ടേറെ സിനിമകളില്‍ ഇപ്പോള്‍ വേഷമിട്ടു കഴിഞ്ഞു. നാലു വയസ്സു മുതല്‍ താന്‍ വാപ്പച്ചിക്കൊപ്പം സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്ന വ്യക്തിയാണെന്ന് ഷെയ്ന് പലയിടത്തും പറഞ്ഞിട്ടുണ്ട്. അത് വെളിവാക്കുന്നത്, മലയാള സിനിമയില്‍ തനിക്ക് കിട്ടാത്തത് മകനിലൂടെ കിട്ടണമെന്ന അബിയുടെ ആഗ്രഹമായിരുന്നു. അബിയുടെ മകന് എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നത് എന്ന് ഷെയ്ന് അഭിമാനത്തോടെ പലയിടത്തും പറഞ്ഞിരുന്നു.
മകനെക്കുറിച്ച് അബി ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…വലിയ റേഞ്ചിലേക്കു പോകുന്ന നടനാണു ഷെയ്ന് എന്ന് അവന് അന്നയും റസൂലും അഭിനയിക്കുമ്പോള്‍ രാജീവ് രവി എന്നോടു പറഞ്ഞിട്ടുണ്ട്. പിതാവെന്ന നിലയില്‍ ഇതു കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ആരാധകര്‍ക്കാശ്വസിക്കാം…അബി ജീവിക്കും ഇനി മകനിലൂടെ…അബിയുടെ ആഗ്രഹം പോലെ..