എബി ജനിച്ചു വീണത് തന്നെ പറക്കാൻ വേണ്ടിയാണെന്നാണ് മരിയാപുരത്തുകാരുടെ പറച്ചിൽ. ഇത് യാഥാർഥ്യമാകുമോ, ഇല്ലയോ എന്നാണ് സിനിമ പറയുന്നത്. വലിയ സ്വപ്നങ്ങൾ മനസിലൊളിപ്പിച്ച് കഴിയുന്നവർക്ക് തീർച്ചയായും എബി പ്രചോദനമാകും. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്,നിർമാതാവ് ഇങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വിനീത് ശ്രീനിവാസനാണ് ചിത്രത്തിൽ എബിയെന്ന കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയിൽ എത്തുന്നത്. ഒരുപാട് പ്രത്യേകതകളുള്ള എബിക്ക് ഒറ്റ ആഗ്രഹമേയുള്ളു പറക്കണം. ആഗ്രഹങ്ങൾക്ക് മുന്നിൽ തടസങ്ങൾ എന്നുമുണ്ടായിരിക്കുമല്ലോ. അതുപോലെ എബിക്ക് മുന്നിലും തടസങ്ങൾ വട്ടംചുറ്റി പറക്കുന്നുണ്ട്. ഇത്തരം വട്ടംചുറ്റലുകളിലൂടെയാണ് ചിത്രത്തിന്‍റെ ആദ്യ പകുതി കടന്നു പോകുന്നത്. വെല്ലുവിളിയേറെയുള്ള കഥാപാത്രം വിനീട് നന്നായി പകർന്നാടി.
പ്രചോദനം നല്കുക എന്ന ഉദ്ദേശത്തോടെ എടുത്തിട്ടുള്ള ചിത്രങ്ങളുടെ അതേപാത തന്നെയാണ് ശ്രീകാന്ത് എബിയിലും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആവിഷ്കരണത്തിലെ പുതുമ ചിത്രത്തിന് അവകാശപ്പെടാൻ കഴിയില്ല. നാട്ടിൻപുറവും അവിടുത്തെ കാഴ്ചകളുമെല്ലാം നമ്മുക്ക് പരിചിതമുള്ളത് തന്നെ. അത്തരം പുതുമകൾക്ക് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചുവെന്നും കരുതാനാവില്ല.
2015ൽ മുംബൈ ടാക്സിയിൽ നായികയായി എത്തുകയും പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലുടെയും മലയാള സിനിമയിൽ തന്‍റെ സാന്നിധ്യം അറിയിച്ച മരീന മൈക്കിൾ കുരിശിങ്കലിന്‍റെ ശക്തമായ തിരിച്ചുവരവാണ് എബിയിലെ അനുമോൾ. വിനീതിനൊപ്പം മികച്ച പ്രകടനം തന്നെയാണ് മരീന ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. എബിയുടെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ അനുമോൾ നല്കുന്ന താങ്ങും തണലും സംവിധായകൻ മികവോടെ തന്നെ പകർത്തിയിട്ടുണ്ട്.
ചിത്രത്തിന്‍റെ ആദ്യ പകുതിയേക്കാൾ വേഗം രണ്ടാം പകുതിക്കാണ്. എബിയുടെ ലക്ഷ്യപ്രാപ്തിയലേക്കുള്ള ദൂരം കുറയും തോറും പ്രതിബന്ധങ്ങൾ പലവിധത്തിലും രംഗപ്രവേശം ചെയ്യുന്നുണ്ട്. ഇടുക്കിയിലെ കാഴ്ചകളെ പാകത്തിന് ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ സുധീർ സുരേന്ദ്രന് കഴിഞ്ഞപ്പോൾ എബിയുടെ ആഗ്രഹ സഫലീകരണത്തിലേക്കുള്ള യാത്രയ്ക്ക് മലനാടിനോളം സൗന്ദര്യം കൈവരുകയായിരുന്നു. മിഴിവേകിയ ഫ്രെയിമുകൾ തന്നെയാണ് ചിത്രത്തിന്‍റെ ആകർഷണ ഘടകങ്ങളിൽ പ്രധാനം.
എബിയുടെ അമ്മയായി വേഷമിട്ട വിനിത കോശിയുടെ അഭിനയവും മികവുറ്റത് തന്നെ. സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, അജു വർഗീസ് തുടങ്ങിയവരെല്ലാം പതിവ് പോലെ തങ്ങളുടെ ഭാഗം ഭംഗിയാക്കി. കേൾക്കുന്പോൾ കളിതമാശയായി തോന്നാമെങ്കിലും എബി പറന്നു കാണണമെന്നുള്ള ആഗ്രഹം എല്ലാവരിലും ഒരുപോലെ തോന്നിപ്പിക്കുന്നതിൽ സംവിധായകൻ പുർണമായും വിജയിച്ചു.
എബി എങ്ങനെയാണ് പറക്കുന്നതെന്നറിയാനുള്ള ആകാംക്ഷ കൂടി വരുന്നതോടെ പ്രേക്ഷകൻ ചിത്രത്തോട് ഇഴുകിചേരുകയാണ്. ഇത്തരം കാഴ്ചകളിൽ അകപ്പെടുന്പോൾ നിങ്ങളുടെ ഉള്ളിലുള്ള എബി താനെ പുറത്തുചാടും. ആ എബിയെ തീയറ്റർ വിടുന്പോൾ കൂടെ കൂട്ടിയാൽ മതി പിന്നെ എല്ലാം സ്വപ്നവും യാഥാർഥ്യമാകും.
(എബി പറന്നു തുടങ്ങി, അനുഭവ സന്പത്തുള്ള സംവിധായകന്‍റെ സ്വപ്നങ്ങളുടെ ചിറകിലേറി)
വി.ശ്രീകാന്ത്