റാന്നി: മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട വ്യാപാരസമൂഹത്തിന്റെ പ്രതിനിധിയായി റാന്നിയിൽ എബി സ്റ്റീഫനെന്ന വ്യാപാരി തുടങ്ങിവച്ച നിരാഹാരസമരം എട്ടാംദിവസത്തിൽ. മഹാപ്രളയത്തിന്റെ 60-ാം ദിനത്തിലും കരകയറാനാകാതെ വലയുന്ന കൂടുതൽ വ്യാപാരികളും പ്രളയബാധിതരും സമരത്തിനു പിന്തുണയുമായി രംഗത്തെത്തി.
ഓഗസ്റ്റ് 14നു രാത്രി മുതൽ ആരംഭിച്ച മഹാപ്രളയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാരമേഖലയെയും വിഴുങ്ങിയിരുന്നു. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പ്രധാന ടൗണുകളിലടക്കം വെള്ളം കയറി വൻനഷ്ടമുണ്ടായി. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം കാരണം കടകളിലെ സാധനങ്ങൾ പൂർണമായി നഷ്ടപ്പെട്ടു.
ഓണത്തോടനുബന്ധിച്ച സ്റ്റോക്ക് ഉൾപ്പെടെ നഷ്ടപ്പെട്ടവർക്ക് കോടികൾ വെള്ളത്തിലായി. സംസ്ഥാനത്ത് 30 ശതമാനം കടകൾ ഇനി തുറക്കാനുണ്ടെന്ന് സംഘടനകൾ പറയുന്നു. വെള്ളം കയറിയ കടകളിൽ സാധനങ്ങൾ നഷ്ടമായതു മാത്രമല്ല, സ്ഥാപനങ്ങൾ തന്നെ പുനഃക്രമീകരിക്കേണ്ടിവന്നു.
എബി സ്റ്റീഫനും കുടുംബവും കഴിഞ്ഞ എട്ടിനാണ് സമരംആരംഭിച്ചത്. ആറുദിവസം നിരാഹാരമിരുന്ന എബിയുടെ ഭാര്യ ഷീജയെ ശനിയാഴ്ച അറസ്റ്റു ചെയ്തു നീക്കി. എബി ഇപ്പോഴും നിരാഹാരത്തിലാണ്. സമരത്തിനു ഐക്യദാർഢ്യം അറിയിച്ച് ആന്റോ ആന്റണി എംപിയും കോണ്ഗ്രസ് നേതാക്കളും ഒരു ദിവസം ഉപവസിച്ചിരുന്നു. വിവിധ സഭാ ബിഷപ്പുമാർ അടക്കം സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.
നഷ്ടപരിഹാരത്തിനായി വ്യാപാരികൾ കഴിഞ്ഞ രണ്ടുമാസമായി മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചിരുന്നെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ പറഞ്ഞു.
ഇതിനിടെ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വായ്പ പോലും അനുവദിക്കാൻ ബാങ്കുകൾ തയാറാകുന്നില്ല. പലിശരഹിത വായ്പയെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതിന് ഇടനിലയാകേണ്ട ഏജൻസിയെ സംബന്ധിച്ചു തീരുമാനമായിട്ടില്ല. വ്യാപാരികലുടെ നിലവിലുള്ള വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുമില്ല.