കൊല്ലം: ഓയൂരിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് നാല് ദിവസമാകുമ്പോഴും പ്രതികളെ ക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പോലീസ്.
പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടും പ്രതികളിലേക്ക് എത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്.
തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടുകിട്ടിയിട്ടും പ്രതികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായിരിക്കുകയാണ്.
സംഘം കുട്ടിയുമായി തങ്ങിയ വലിയ വീട് എവിടെയാണെന്നുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ഓട്ടോറിക്ഷയുടെ മോഡൽ സംബന്ധിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.
വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ
കുട്ടിയെ തട്ടിയെടുത്തശേഷം കല്ലുവാതുക്കലിൽ എത്തിയ സംഘം പിന്നീട് പോയത് ചിറക്കരയിലേക്കാണ്. അവിടെനിന്ന് സംഘത്തിലെ സ്ത്രീയും പുരുഷനും പാരിപ്പള്ളി കുളമടയിലെ കടയിൽ എത്തിയത് ഓട്ടോറിക്ഷയിലാണ്.
ഇവർ അവിടെ ഏഴ് മിനിറ്റ് ചെലവഴിക്കുകയും ചെയ്തു. സംഘം വരുന്നതും കാത്ത് ചിറക്കരയിൽ ഓട്ടോറിക്ഷ തയാറാക്കി നിർത്തിയിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ഇതിന് പ്രാദേശികമായി ചിലരുടെ പിന്തുണ ലഭിച്ചതായും സൂചനയുണ്ട്.
മാത്രമല്ല വാടക വീടുകൾ തെരക്കി ചിലർ ചിറക്കരയിൽ എത്തിയതായി പ്രദേശവാസികൾ പോലീസിന് വിവരവും കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചിറക്കരയിലെ എല്ലാ വീടുകളും കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ നടത്തുകയാണ്.
സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തെരച്ചിൽ. അമ്മാരത്ത് മുക്ക്, പുത്തൻകുളം, പൂതക്കുളം മേഖലകളിലും തെരച്ചിൽ വ്യാപകമായി നടക്കുന്നു.
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ തേടുന്നു
പ്രതികൾ സഞ്ചരിച്ച സ്ഥലങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ച് വരുന്നു. ഇതിനായി 15 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
പ്രതികളെ വ്യക്തമായി കാണാൻ കഴിയുന്ന ദൃശ്യങ്ങൾ പരിശോധനയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ ലഭിച്ച ചില നിർണായക ദൃശ്യങ്ങൾ ഇന്നലെ കൊട്ടാരക്കര റൂറൽ പോലീസ് ആസ്ഥാനത്ത് ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കയുണ്ടായി.
കടകളിലും മറ്റ് സ്ഥാപനങ്ങളിലും വീടുകളിലും ഉള്ള സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കർശന നിർദേശവും പോലീസ് നൽകിയിട്ടുണ്ട്. അടച്ചിട്ടിരുന്ന കടകളിൽ പോലും ഉടമകളെ വിളിച്ചുവരുത്തി കാമറകൾ പരിശോധിച്ച ശേഷമാണ് പോലീസ് ഇങ്ങനെയൊരു നിർദേശം നൽകിയത്.
സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
പ്രതികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് പോലീസ് മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിവരങ്ങൾ ഇന്നുതന്നെ കൈമാറണമെന്നാണ് അന്വേഷണ സംഘം നിർദേശിച്ചിട്ടുള്ളത്. സ്വിഫ്റ്റ് ഡിസയർ കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ഓട്ടോറിക്ഷയുടെ കാര്യത്തിലും മോട്ടോർ വാഹന വകുപ്പിന്റെ സഹായം ഉണ്ടാകും. പുതിയ മോഡൽ ഡീസൽ ഓട്ടോറിക്ഷയാണ് സംഘം ഉപയോഗിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ. ആ വഴിക്കും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് വാഹനങ്ങളും അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന്് പോലീസ് അനുമാനിക്കുന്നു.
റെയിൽവേ സ്റ്റേഷനിലും പരിശോധനകൾ
വാഹനങ്ങൾ സംബന്ധിച്ച തുമ്പുകൾ തേടി പോലീസ് കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും പരിശോധനകളും അന്വേഷണവും നടത്തുന്നുണ്ട്. സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഏരിയയിൽ പോലീസ് ഇതിനകം പരിശോധനകൾ നടത്തി. ഇവിടെ കാര്യമായി സിസിടിവി കാമറകൾ ഇല്ല. സ്റ്റേഷന്റെ പ്രധാന കവാടങ്ങളിലെ എതിർ വശത്തെ കടകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കുട്ടിയെ ഉപേക്ഷിച്ച് ആശ്രാമം മൈതാനത്തുനിന്ന് കടന്ന യുവതി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്താൻ സാധ്യത ഏറെയാണ്. ആശ്രാമത്തുനിന്ന് ഏറ്റവും എളുപ്പം റെയിൽവേ സ്റ്റേഷനിൽ എത്താനും കഴിയും. അവിടന്ന് ട്രെയിനിൽ കയറി രക്ഷപ്പെടാനും എളുപ്പമാണ്.
ഇവരുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കാൻ പോലീസിന് സാധിച്ചില്ല. ആറ് വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചിത്രത്തിന് അന്തിമ രൂപം നൽകുക.
മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന് വിധേയമായി കുട്ടിയെ ഇന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യും എന്നാണ് വിവരം. കുട്ടിക്കും കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് നൽകിയിരുന്നു.
എസ്.ആർ. സുധീർ കുമാർ