വൈക്കം: വൈക്കം – എറണാകുളം ഹൈസ്പീഡ് എസിബോട്ട് സർവീസ് മേയ് മാസം ഒടുവിൽ ആരംഭിക്കും. അരുരിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്ന ബോട്ട് മേയ് 22ന് സർവീസ് ഉദ്ഘാടനം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ജലഗതാഗത വകുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായിവിജയൻ , ധനമന്ത്രി ഡോ.തോമസ് ഐസക്ക്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ തുടങ്ങിയ പ്രമുഖരെ ഉദ്ഘാടന ചടങ്ങിനെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
120 പേർക്ക് കായൽ കാറ്റേറ്റ് വേന്പാനാടിന്റെ മനോഹാരിത നുകർന്ന് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 50 ഇരിപ്പിടങ്ങൾ ഉൾപ്പെടുന്ന കാബിൻ എസിയാണ്. ഇരട്ട എഞ്ചിനിൽ പ്രവർത്തിക്കുന്ന ബോട്ട് വൈക്കത്തുനിന്ന് പുറപ്പെട്ട് ഒന്നര മണിക്കൂറിനകം എറണാകുളത്തെത്തും. നിശ്ചിത സ്ഥലങ്ങളിൽ മാത്രമാണ് ബോട്ടിനു സ്റ്റോപ്പുള്ളത്.
ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ റോഡുമാർഗം വൈക്കത്തുനിന്ന് എറണാകുളത്തെത്താൻ മിക്കപ്പോഴും രണ്ടു മണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്. ജലഗതാഗത വകുപ്പ് ജല ഗതാഗതരംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് അതിവേഗ എസി യാത്രാബോട്ട് പരീക്ഷിക്കുന്നതെന്ന് ് ഡയറക്ടർ ഷാജി .വി.നായർ പറയുന്നു.
വൈക്കം -എറണാകുളം റൂട്ടിൽ അതിവേഗ എസി ബോട്ട് വൻ വിജയമായാൽ ജലഗതാഗത വകുപ്പ് കൂടുതൽ ബോട്ടുകൾ സർവീസിനെത്തിച്ച് സംസ്ഥാനത്തൊട്ടാകെ ജലയാത്രയുടെ അനുഭൂതി അനുഭവവേദ്യമാക്കും. റോഡ് ഗതാഗതം വളരെ പിരിമുറുക്കം നിറഞ്ഞതാകുന്പോൾ സമ്മർദ്ദങ്ങളില്ലാതെ സുഖകരമായി യാത്ര ചെയ്യാമെന്നത് ബോട്ടുയാത്രയുടെ പ്രത്യേകതയാണ്.
രാജ്യത്തെ ആദ്യത്തെ സോളാർ ഫെറി ആദിത്യ വിജയകരമായി വൈക്കം -തവണക്കടവ്ഫെറിയിൽ സർവീസ് നടത്തിവരികയാണ്. സഞ്ചാരികളുടെ ഹൃദയംകവർന്ന സോളാർ ബോട്ടിനു പിന്നാലെ കായലോളങ്ങളെ കീറിമുറിച്ച് കുതിച്ചു പായുന്ന അതിവേഗ എ സി ബോട്ട് വൈക്കം ജെട്ടിയിലെത്തുന്നതു കാണാൻ കൗതുകപൂർവംകാത്തിരിക്കുകയാണ് ജലയാത്രാപ്രേമികൾ.