വടക്കാഞ്ചേരി/തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല.
ഇഡിഹാജരാക്കാൻ നിർദേശിച്ച രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു ഹാജരാകാൻ സാധിക്കില്ലെന്നു മൊയ്തീൻ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസയച്ചെങ്കിലും മൊയ്തീൻ അന്നും അസൗകര്യം അറിയിക്കുകയായിരുന്നു.
തുടർന്നാണ് ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകിയത്. നാളെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് മൊയ്തീൻ ഇന്ന് ഹാജരാകാതിരിക്കുന്നതെന്നാണു സൂചന.
കോടികളുടെ തട്ടിപ്പ് നടന്ന കേസിൽ ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് എ.സി. മൊയ്തീൻ ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. ഓഗസ്റ്റ് 22ന് മൊയ്തീന്റെ തൃശൂരിലെ വീട്ടിൽ 22 മണിക്കൂർ നീണ്ട റെയ്ഡാണ് ഇഡി നടത്തിയത്.