തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി. മൊയ്തീനെതിരേ ഇഡി നടപടികളും കുരുക്കും മുറുകുന്പോൾ മൊയ്തീൻ വിഷയത്തെ രാഷ്ട്രീയമായി ആളിക്കത്തിക്കാൻ കോണ്ഗ്രസ് കടുത്ത പ്രക്ഷോഭനടപടികളിലേക്ക് കടക്കുന്പോൾ സംഭവത്തെ നേരിടാൻ സിപിഎം കടുത്ത പ്രതിരോധ നടപടികളാണ് ആസൂത്രണം ചെയ്യുന്നത്.
എ.സി. മൊയ്തീൻ എംഎൽഎ രാജിവയ്ക്കും വരെ കടുത്ത പ്രക്ഷോഭങ്ങൾ നടത്താനാണ് കോണ്ഗ്രസ് തീരുമാനം. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 111 മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളും നടത്തി.
മൊയ്തീൻ രാജിവയ്ക്കുന്നത് വരെ നിരന്തര സമരങ്ങൾക്ക് കോണ്ഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
മൊയ്തീൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്ത് നാളെ വൈകിട്ട് കോണ്ഗ്രസ് വൻ പ്രതിഷേധ മാർച്ചാണ് നടത്താൻ പോകുന്നത്.
പതിനായിരക്കണക്കിന് നിക്ഷേപകരെ വഴിയാധാരമാക്കിയ മാർക്സിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാക്കളെയും മുൻമന്ത്രി കൂടിയായ എ.സി. മൊയ്തീൻ എംഎൽഎയെയും അറസ്റ്റ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കോണ്ഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.
എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹത നഷ്ടപ്പെട്ട മൊയ്തീന്റെ നിയോജക മണ്ഡലത്തിലെ എല്ലാ പരിപാടികളും കോണ്ഗ്രസ് ബഹിഷ്കരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.
അതേ സമയം എല്ലാം മാധ്യമസൃഷ്ടിയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന പതിവു പല്ലവിയുമായി സിപിഎം ജില്ല നേതൃത്വവും രംഗത്തുണ്ട്.
എ.സി. മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസമിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.
സിപിഎം നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇ ഡി പറഞ്ഞതെന്നും പറഞ്ഞ് മാധ്യമങ്ങൾ വ്യാജ വാർത്തകൾ നിർമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
മൊയ്തീനെതിരെയുള്ള ഇ ഡി നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
മൊയ്തീന്റെ വീട്ടിൽനിന്ന് ഇഡി ഒരു രേഖയും പിടിച്ചെടുത്തിട്ടില്ല എന്നും ചില രേഖകളുടെ പകർപ്പുകൾ എടുക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം നേതൃത്വം പറയുന്നു.
ഇടതുപക്ഷത്തിനും സർക്കാരിനും എതിരെയുള്ള ഒളി യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി ഇന്നലെ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.
ബിജെപിയുടെ അജണ്ടയ്ക്ക് കോണ്ഗ്രസും മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണെന്നും സിപിഎം ആരോപിച്ചു. പരിശോധനയുടെ ദൈർഘ്യം കൂട്ടി 22 മണിക്കൂർ റെയ്ഡ് നടത്തി ഗൗരവമായതെന്തോ ഉണ്ട് എന്ന് വരുത്തി തീർക്കുകയായിരുന്നു ഇ ഡി എന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
എന്നാൽ മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയതോടെ സിപിഎം കൂടുതൽ കുഴപ്പത്തിലായിരിക്കുകയാണ്. മൊയ്തീനെതിരെ വ്യക്തമായ തെളിവുകളുള്ളതിന്റെയും വിശദമായ തുടരന്വേഷണത്തിന്റെയും ഭാഗമായാണ് ചോദ്യം ചെയ്യൽ.