കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ എ.സി. മൊയ്തീന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതോടെ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം.
ഇഡി കേസിനെ നിയമപരമായി നേരിടാനാണ് പാർട്ടി തീരുമാനം. ബാങ്ക് നിക്ഷേപങ്ങളടക്കമുള്ള സ്വത്തുരേഖകളുമായി 31 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് ഇഡി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇഡിയുടെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭ്യമാകുന്ന മുറയ്ക്ക് ഉചിതമായ തീരുമാനമെടുക്കുമെന്നും മൊയ്തീനുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
ഇഡി സംഘം വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരുന്നു. ഈ തുകയുടെ ഉള്‍പ്പെടെ സാമ്പത്തികസ്രോതസായിരിക്കും മൊയ്തീന് പ്രധാനമായും വെളിപ്പെടുത്തേണ്ടിവരുക.
നോട്ടീസ് കൈപ്പറ്റിയശേഷം മൊയ്തീന് നിയമോപദേശം തേടുമെന്നാണ് സൂചന. നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കരുവന്നൂര്‍ ബാങ്കിന്റെ മുന്മാനേജര് ബിജു കരീമിനും 31 ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൊയ്തീന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീന് നിര്‍ദേശിച്ചവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട് എന്നാണ് ഇഡിയുടെ ആരോപണം
. ബാങ്കിന്റെ മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പ നല്കാന് നിര്‍ദേശിച്ചെന്ന മൊഴി, ബിനാമി വായ്പകള്‍ മൊയ്തീന്റെ നിര്‍ദേശപ്രകാരം നല്‍കിയെന്ന മൊഴി എന്നിവയില്‍ മറുപടിപറയേണ്ടിവരും.
കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ സംശയത്തിലുള്ള പി.പി. കിരണ്‍, സി.എം. റഹീം, എം.കെ. ഷിജു, പി. സതീഷ്കുമാര്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലും മൊയ്തീന് വ്യക്തതനല്കേണ്ടിവരും. രണ്ടു ദിവസങ്ങളിലായി മൂന്നുപേരെ ചോദ്യം ചെയ്തു.