തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾക്കായി ഡൽഹിയിൽനിന്ന് പ്രഗ്തഭനായ മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം.
ഇതിനായി ഡൽഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ച ചെയ്തു. നിരവധി പ്രമാദ കേസുകളിൽ ഹാജരായിട്ടുള്ള മുതിർന്ന അഭിഭാഷകനെ തന്നെ കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള കരുവന്നൂർ കേസിൽ ഹാജരാക്കാനാണ് നീക്കം.
ഡൽഹിയിലെ സിപിഎം നേതാക്കൾ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ കൂടുതൽ കുരുക്കിലേക്കാണ് സിപിഎമ്മും നേതാക്കളും നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിചയസന്പന്നനായ അഭിഭാഷകനെ തന്നെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്.
ഒരു സിറ്റിംഗിനു തന്നെ വലിയ തുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകനാണെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും മികച്ച അഭിഭാഷകനെ തന്നെ കേസ് ഏൽപ്പിക്കുന്നതാണ് നല്ലതെന്ന പാർട്ടി തീരുമാനത്തിനൊടുവിലാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകനെ ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽ നിന്നുള്ള അഭിഭാഷകരുടെ പാനലും ഉണ്ടാകും. ഡൽഹിയിൽ ഇഡി വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള, ഇത്തരം കേന്ദ്രങ്ങളിൽ പിടിപാടുള്ള ഒരാളെതന്നെ കേസിന്റെ കാര്യങ്ങൾ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്.
മൊയ്തീനെ അടുത്ത തവണ ചോദ്യം ചെയ്യാൻ വിളിച്ചാൽ അറസ്റ്റിന് സാധ്യതയേറെയാണ് എന്ന അഭ്യൂഹം ശക്തമായിരിക്കെ മുൻകൂർജാമ്യമടക്കമുള്ള കാര്യങ്ങളുമായി സജീവമായി മുന്നോട്ടുപോവുകയാണ് നേതൃത്വം.
അരവിന്ദാക്ഷനെ തല്ലുന്നത് കണ്ടില്ലെന്ന് ജിജോർ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന പി.ആർ. അരവിന്ദാക്ഷന്റെ ആരോപണം തള്ളി മുഖ്യസാക്ഷി ജിജോർ.
ഒന്പതു ദിവസത്തോളം ഉണ്ടായിരുന്നെങ്കിലും ആരെയും മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്നാണ് ജിജോറിന്റെ പ്രതികരണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിലും സിസിടിവി ക്യാമറകളുണ്ട്. ഇഡി ഒരിക്കൽ പോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല.
തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോർ സ്വകാര്യ ചാനലിനോടു പറഞ്ഞു.