കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎല്‍എയുമായ എ.സി. മൊയ്തീന് ചോദ്യം ചെയ്യലിനായി 31ന് വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരാകണം. രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് മാനേജരും മൊയ്തീനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നത്. ബെനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയെക്കുറിച്ചും ചോദ്യം ചെയ്യും. ബെനാമി ഇടപാടുകാര്‍ക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകള്‍ക്ക് പിന്നില്‍ എ.സി. മൊയ്തീന് എംഎല്‍എ ആണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബെനാമികള്‍ ലോണ്‍ തട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു. ആറ് ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 കോടിരൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
150 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ബെനാമികള്‍ സ്വത്തുക്കള്‍ പണയപ്പെടുത്തി കോടികളുടെ ലോണ്‍ തട്ടിയത്.
പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബെനാമികള്‍ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകള്‍ അനുവദിച്ചു.
മുന്‍മന്ത്രിയും എല്‍എഎല്‍യുമായി എ സി മൊയ്തീനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പല ലോണുകളും ബെനാമികള്‍ക്ക് അനുവദിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു.
ബെനാമികളെന്ന് സംശയിക്കുന്ന പി.പി. കിരണ്‍, സി.എം. റഹീം, എം.കെ. ഷിജു, സതീഷ് കുമാര്‍ അടക്കമുള്ളവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 15 കോടി മൂല്യം വരുന്ന 36 സ്വത്ത് വകകള്‍ കുറ്റകൃത്യത്തിന്റെ ഭാഗമായി കണ്ടുകെട്ടി . എ.സി. മൊയതീന്, ഭാര്യ എന്നിവരുടെ ബാങ്കില്‍ സ്ഥിരം നിക്ഷേപമായുള്ള 28 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്.