കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരായി.
കൊച്ചിയിലെ ഓഫീസില്‍ രാവിലെ 9.30ഓടെ അഭിഭാഷകർക്ക് ഒപ്പമാണ് മൊയ്തീൻ എത്തിയത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
10 വര്‍ഷത്തെ ആദായനികുതി രേഖകളും ഇന്നു ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരവിന്ദാക്ഷന് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും.
സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി പി. സതീഷ് കുമാര്‍ ഒരു സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ഉന്നത റാങ്കിലെ ചില പോലീസുകാരുടെയും ബിനാമിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഈ സാഹചര്യത്തില്‍ സതീഷ് കുമാറുമായുളള ബന്ധം സംബന്ധിച്ചാകും ഇഡി മൊയ്തീനില്‍നിന്നും ചോദിച്ചറിയുക. കേസിലെ പരാതിക്കാരനും അറസ്റ്റിലായവും മൊയ്തീനെതിരായാണ് ഇഡിക്ക് മൊഴി നല്‍കിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ശേഷമുള്ള നടപടികള്‍ എന്തെന്നത് നിര്‍ണായകമാകും. സംസ്ഥാനത്ത് ആദ്യമായാണ് പണമിടപാട് സംബന്ധിച്ച കേസില്‍ ഒരു സിപിഎം നേതാവിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് മുമ്പ് ഇഡി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ടുനിന്ന പരിശോധന നടത്തിയിരുന്നു. ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-18 കാലത്ത് അനധികൃത വായ്പ നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീന് ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പിന്നില്‍ മൊയ്തീനാണെന്ന നിലപാടിലാണ് ഇഡി.
ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ വായ്പ അനുവദിച്ചതെന്നും പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.