സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പി. സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി അയ്യന്തോൾ സഹകരണബാങ്കിലും ഇഡിയുടെ അന്വേഷണം.
ഇന്നു രാവിലെ മുതൽ അയ്യന്തോൾ ബാങ്കിൽ ഇഡി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അയ്യന്തോൾ ബാങ്കിൽ 40 കോടി രൂപ വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ നിഗമനം.
അയ്യന്തോളിനു പുറമെ ജില്ലയിലെ അഞ്ചിലധികം സഹകരണബാങ്കുകളിലേക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചു. നാളെ എ.സി. മൊയ്തീൻ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ഇഡി തൃശൂർ ജില്ലയിലെ വിവിധ സഹകരണബാങ്കുകളിൽ അന്വേഷണം നടത്തുന്നത്.
മൊയ്തീനു പുറമെ മറ്റൊരു സിപിഎം സംസ്ഥാന നേതാവു കൂടി ഇഡിയുടെ നിരീക്ഷണത്തിലാണെന്നാണ് പുതിയ വിവരം. അന്വേഷണം സിപിഎമ്മിന്റെ കണ്ണൂർ ലോബിയിലേക്കു കൂടി നീങ്ങുന്നതായാണ് സൂചന.
നാളെ മൊയ്തീനെ ചോദ്യം ചെയ്യുന്നതിന് മുന്പ് പരമാവധി തെളിവുകൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. അതുകൊണ്ടുതന്നെ നാളത്തെ ചോദ്യം ചെയ്യൽ മൊയ്തീന് നിർണായകമാകാൻ സാധ്യതയുണ്ട്.
എ.സി. മൊയ്തീനും സതീഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുന്നതായാണ് വിവരം.
സതീഷ് കുമാർ ബന്ധുക്കളുടെ അടക്കം പേരിൽ ഈ ബാങ്കിലെടുത്ത നാല് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ഈ അക്കൗണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു.
അക്കൗണ്ട് വഴി നടത്തിയ ഇടപാടുകൾ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയിരിക്കുന്നത്. ഒരു ദിവസം തന്നെ 50,000 രൂപ വച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നടക്കം പരിശോധിക്കുന്നുണ്ട്.
അയ്യന്തോൾ ബാങ്കിൽ 40 കോടി രൂപ അടക്കം പത്തുവർഷത്തിനിടെ സതീഷ് ശതകോടികൾ വെളുപ്പിച്ചെന്നും ഇഡി സംശയിക്കുന്നു.
കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ അഞ്ചു സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി എന്നാണ് ഇഡി കണ്ടെത്തിയത്.
സതീഷിന് ഉന്നതപോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ സിപിഎമ്മിനും സിപിഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കരുവന്നൂർ ബാങ്കിലെ മുൻ ഡയറക്ടർമാർ തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.