തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ഇഡി അന്വേഷണം കൂടുതൽ ഉന്നത നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടന്ന 22 മണിക്കൂറോളം നീണ്ട റെയ്ഡിന്റെ വിശദമായ അവലോകനം കൊച്ചിയിലെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിൽ നടന്നു.
കൂടുതൽ പേരിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന വിലയിരുത്തലാണ് ഇഡിക്കുള്ളതെന്ന് അറിയുന്നു.കേന്ദ്ര ഓഫീസിൽ കാര്യങ്ങൾ അറിയിച്ച് അവിടെനിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ.
300 കോടിക്കടുത്ത് തട്ടിപ്പു നടന്നതായി കണക്കാക്കുന്ന കരുവന്നൂർ കേസിൽ രണ്ടും കൽപിച്ച് ഇഡി സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ പ്രതിരോധിക്കാൻ സിപിഎം പാടുപെടുമെന്നുറപ്പാണ്.
മൊയ്തീനിൽനിന്നും മറ്റു പല ഉന്നതരിലേക്കും അന്വേഷണം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സിപിഎം സംസ്ഥാന നേതൃത്വവും ഇതിനെ എങ്ങിനെ നേരിടണമെന്ന ആലോചനയിലാണ്.
മൊയ്തീന്റെ വീട്ടിലെയും തൃശൂരിലെ മറ്റു രണ്ടു പേരുടെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ നിർണായകമായ വിവരങ്ങൾ പലതും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
ബാങ്കിൽനിന്ന് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കോടികൾ പലർക്കും നൽകിയിട്ടുണ്ടെന്ന കാര്യമാണ് ഇഡി പരിശോധിക്കുന്നത്. ബിനാമികളുടെ പേരുവിവരങ്ങൾ ഇഡിയുടെ നിരീക്ഷണത്തിലാണ്.
ആരുടെ ബിനാമികളാണ് ഇവരെന്ന കാര്യമാണ് പ്രധാനം. നോട്ട് നിരോധന കാലത്ത് കരുവന്നൂർ ബാങ്കിൽനിന്ന് വൻ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.
കണ്ണൂരിലെ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന സംശയവും ഇഡി ഉദ്യോഗസ്ഥർക്കുള്ളതായി സൂചനകളുണ്ട്. മുൻ എംഎൽഎ അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.
തൃശൂരിൽ മൊയ്തീന്റെ ബിനാമികളെന്നു സംശയിക്കുന്ന ചേർപ്പിലുള്ള അനിൽ സേഠ്, കോലഴിയിലുള്ള സതീശൻ എന്നിവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇവർ തങ്ങൾക്ക് മൊയ്തീനുമായി ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് വിശ്വസിച്ചിട്ടില്ല. കരുവന്നൂർ ബാങ്കിൽ അന്പതിലേറെ ചിട്ടി ചേർന്ന് കോടികളുടെ വായ്പതരപ്പെടുത്തിയെന്ന സംശയവും വൻതുകകൾ വായ്പാക്കുടിശിക വരുത്തിയെന്നതും ഭൂമിപണയപ്പെടുത്തി കോടികൾ വായ്പയെടുത്തെന്ന ആക്ഷേപവുമെല്ലാം ഇവർക്കെതിരെയുണ്ട്. ഇതെല്ലാം ഇഡി വിശദമായി പരിശോധിക്കുന്നുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടേയും മാത്രം സഹായത്തോടെയും പിൻബലത്തോടെയും ഇത്രയധികം കോടികളുടെ ക്രമക്കേട് നടത്താനാകില്ലെന്ന നിഗമനത്തിലാണ് ഇഡി സംഘം. അതുകൊണ്ടുതന്നെ ഉന്നതബന്ധങ്ങളിലേക്ക് അന്വേഷണം എത്തുമെന്നുറപ്പാണ്.