തൃശൂർ/വടക്കാഞ്ചേരി: ഇരുനൂറു കോടിയിലധികം രൂപയുടെ സാന്പത്തിക ക്രമക്കേടും തട്ടിപ്പും നടന്ന കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട് മുൻ സഹകരണ മന്ത്രിയും എംഎൽഎയുമായ എ.സി. മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലുള്ള മൊയ്തീന്റെ വീട്ടിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്.
ഇന്നുരാവിലെ ഏഴോടെ കൊച്ചിയിൽനിന്ന് മൂന്നു വാഹനങ്ങളിലായി പന്ത്രണ്ടംഗ സംഘമാണ് റെയ്ഡിന് എത്തിയത്. സായുധ സേനാംഗങ്ങളടക്കം വീടിനു മുന്നിൽ കാവലുണ്ട്. മൊയ്തീൻ വീടിനകത്തുതന്നെയുണ്ടെന്നാണ് വിവരം.
മൊയ്തീന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെയും വീടുകളിലും പരിശോധനകൾ നടക്കുന്നുണ്ട്.കരുവന്നൂർ തട്ടിപ്പിലെ പ്രതികളുമായി മൊയ്തീനു പങ്കുണ്ടെന്ന ആരോപണം നേരത്തെതന്നെ ഉയർന്നിരുന്നു.
ക്രമക്കേടുകൾ നടന്ന സമയത്ത് സഹകരണ മന്ത്രിയായിരുന്ന മൊയ്തീൻ ഇപ്പോൾ കുന്നംകുളം എംഎൽഎയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരുവന്നൂർ തട്ടിപ്പുകേസ് ഇഡി സജീവമായി അന്വേഷിച്ചുവരികയായിരുന്നു.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് കോടതി സ്റ്റേ ചെയ്തതോടെ നിർത്തിവച്ചു.
ബാങ്ക് ജീവനക്കാരിൽനിന്നു സിപിഎമ്മിന്റെ പ്രധാന നേതൃത്വത്തിലേക്ക് ഇഡി അന്വേഷണം എത്തുന്നത് ഇതാദ്യമായാണ്. മൊയ്തീനെ ഇഡി വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളുടെ മൊഴിയും പരാതിക്കാരുടെ മൊഴിയുമെല്ലാം മൊയ്തീന് എതിരാണെന്നും സൂചനകളുണ്ട്.
തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രന്റെയും എ.സി. മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്.