വടക്കാഞ്ചേരി: പൊതു വിദ്യാലയങ്ങളിലെ അധ്യാപകരും സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ തയാറാകണമെന്നു മന്ത്രി എ.സി. മൊയ്തീൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ടനിലവാരത്തിലേക്ക് ഉയർത്തുന്ന വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ 3.75 കോ ടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹികയായിരുന്നു മന്ത്രി.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും മതനിരപേക്ഷത, പാഠ്യപദ്ധതിയിൽനിന്ന് ഇല്ലാതാകുകയാണെന്നും എന്നാൽ കേരളത്തിൽ പാഠ്യപദ്ധതി നൂറുശതമാനവും മതനിരപേക്ഷമാണെന്നും മന്ത്രി പറഞ്ഞു. അന്ധവിശ്വാസവും മിത്തുകളും മതാത്മകതയും ശാസ്ത്ര വിരുദ്ധതയും സിലബസിന്റെ ഭാഗമാകുന്ന കാഴ്ചയാണ് ഇന്ത്യയിൽ മറ്റു പലയിടത്തും കാണുന്നത്.
എന്നാൽ മതനിരപേക്ഷതയുടെ കാര്യത്തിൽ കേരള സർക്കാർ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാര്യത്തിൽ നാട് ഒന്നിച്ചു നിൽക്കാൻ തുടങ്ങിയിരിക്കുന്നു. പൊതുവിദ്യാഭ്യാസമാണ് മലയാളികളെ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചത്.
വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ളതല്ല. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏതു വിദ്യാർഥിക്കൊപ്പവും വിജ്ഞാനത്തിന്റെ ഉറവിടം തേടാൻ കേരളത്തിലെ വിദ്യാർഥികൾക്കും സാധിക്കണം. ഇതിനുള്ള പ്രവർത്തികൾ സർക്കാർ തുടങ്ങിവയ് ക്കുകയാണ്. ഇത് നാട് ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു. ശ്രീജിതൻ കെ. എബ്രഹാം പ്രോജക്ട്റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ സംസാരിച്ചു. ശിവപ്രിയ സന്തോഷ് സ്വാഗതവും ടി.വി മിനി നന്ദിയും പറഞ്ഞു.