വൈക്കം: വൈക്കം കായലോര ബീച്ചിനു സമീപം കെടിഡിസി മോട്ടൽ വളപ്പിൽ ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസിൽ ഒരുക്കുന്ന എസി റസ്റ്റോറന്റിന്റെ നിർമാണം അവസാന ഘട്ടത്തിൽ.
90 ശതമാനം നിർമാണം പൂർത്തിയായ റസ്റ്റോറന്റിന്റെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇരുനിലകളിലായി ഒരുങ്ങുന്ന റസ്റ്റോറന്റിനുള്ളിൽ 45 ഇരിപ്പിടങ്ങളാണ് തയാറാക്കിയിട്ടുള്ളത്.
താഴത്തെ എസി കംന്പാട്ടുമെന്റിൽ 20 ഇരിപ്പിടങ്ങളും മുകളിലത്തെ നോണ് എസിയിൽ 25 ഇരിപ്പിടങ്ങളുമാണുള്ളത്. റസ്റ്റോറന്റിന്റെ പുറത്തെ പൂന്തോട്ടത്തിനോടു ചേർന്ന് 20 പേർക്കുകൂടി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ മൂന്നാറിലും തേക്കടിയിലും വിനോദ സഞ്ചാരികൾക്കും മറ്റും വിശ്രമിക്കുന്നതിനും അന്തിയുറങ്ങുന്നതിനും ഫലപ്രദമാക്കുന്നുണ്ട്.
എന്നാൽ, ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസ് റസ്റ്റോറന്റാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യം യാഥാർഥ്യമാകുന്നത് വൈക്കത്താണ്.
വൈക്കം കായലോര ബീച്ചിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണെത്തുന്നത്. കുട്ടികളുമായി കുടുംബങ്ങൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ലഘു ഭക്ഷണശാല ബീച്ചിനു സമീപമുണ്ടാകണമെന്ന ആവശ്യവുമുയർന്നു.
ജനകീയ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച സി.കെ. ആശ എംഎൽഎ കെടിഡിസി മോർട്ടൽ വളപ്പിൽ റസ്റ്റോറന്റു പണിയാൻ ആസ്തിവികസന പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപ നീക്കിവച്ചു.
കെടിഡിസി വളപ്പിൽ കെടിഡിസിക്കു മറ്റൊരു റസ്റ്റോറന്റ് ആരംഭിക്കാൻ നിയമം അനുവദിക്കാത്തതിനാൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കെഎസ്ആർടിസിയുമായി സഹകരിച്ചു പദ്ധതി ആരംഭിക്കുകയായിരുന്നു.
കെഎസ്ആർടിസിയുടെ ഉപയോഗ ശൂന്യമായ ബസ് കമനീയമായ റസ്റ്റോറന്റായി കായലോരത്ത് ഉയരുന്പോൾ വൈക്കത്തിന്റെ വിനോദ സഞ്ചാര സാധ്യതകളും വർധിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ ഒന്പത് കോടി രൂപ വിനിയോഗിച്ചുള്ള വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളും ഇവിടെ ഊർജിതമായി നടന്നുവരികയാണ്.
കായൽ-പുഴ മത്സ്യവിഭവങ്ങൾ അടക്കമുള്ള ഭക്ഷണം ലഭിക്കുന്നിടം യാഥാർഥ്യമാക്കുന്നതോടെ കെടിഡിസി മോർട്ടലിന്റെ പ്രവർത്തനവും അഭിവൃദ്ധിപ്പെടും.
രണ്ടു മാസത്തിനകം എസി ബസ് റസ്റ്റോറന്റ് പണി പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്നു സി.കെ. ആശ എംഎൽഎ പറഞ്ഞു.