മങ്കൊമ്പ്: എസി റോഡിൽ നടക്കുന്ന ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ. എസി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഓടനിർമാണം പുരോഗമിക്കുന്നത്. രാമങ്കരി, പണ്ടാരക്കുളം എന്നീ പ്രദേശങ്ങളിലാണ് ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
നിലവിൽ ടാറിംഗ് ഉള്ള റോഡിനുള്ളിലാണ് ഓട നിർമിക്കുന്നത്. നാലടിയോളം വീതിയിൽ, രണ്ടടിയോളം താഴ്ചയിൽ നീളത്തിലുള്ള കുഴികളാണ് ഇതിനായി റോഡിൽ തീർത്തിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നുണ്ട്.
എന്നാൽ മറ്റിടങ്ങളിൽ കമ്പികൾ പാകിയ നിലയിലാണ്. ഓടയ്ക്കായി കുഴികൾ മാത്രം പൂർത്തിയാക്കിയ പ്രദേശങ്ങളാണധികവും. എന്നാൽ ഇവിടെയെങ്ങും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നതാണ് നാട്ടുകാരുടെ ആശങ്കയ്ക്കിടയാക്കുന്നത്.
ഓടനിർമാണം നടക്കുന്ന ചില പ്രദേശങ്ങളിൽ വീപ്പകൾ നിരത്തുകയും ചിലയിടങ്ങളിൽ നാട വലിച്ചുകെട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ യാതൊരു അപകടസൂചനയും നൽകാത്ത പ്രദേശങ്ങളുമുണ്ട്. ഇത് രാത്രികാലങ്ങളിൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ പ്രദേശങ്ങളിൽ അപകടങ്ങൾ പതിവായി സംഭവിക്കാറുണ്ട്. കഴിഞ്ഞയാഴ്ചയിലും കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടായിരുന്നു. ഇരുചക്ര വാഹനയാത്രക്കാർക്കാണ് റോഡു വക്കിൽ തീർത്തിരിക്കുന്ന കിടങ്ങുകൾ ഏറെ അപകഭീഷണിയുയർത്തുന്നത്.
എതിരെ വരുന്ന വലിയ വാഹനങ്ങളുടെ ശക്തമായ പ്രകാശത്തിൽ കാഴ്ച മറയുന്നതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് അപകടം സംഭവിക്കാം. റോഡിന്റെ ടാറിംഗ് പ്രദേശത്ത് ഓടനിർമാണം ആരംഭിച്ചതോടെ കാൽനടയാത്രക്കാരാണ് ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്.