മങ്കൊന്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ ഇടുങ്ങിയ പാലങ്ങളിൽ അപകടങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം പോലും പുനർനിർമിക്കാത്തതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. 1957 ൽ ഇംഎംഎസ് മന്ത്രിസഭയുടെ കാലത്താണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾ പൂർത്തിയാകാത്തതിനാൽ അന്ന് എസി റോഡ് പല കഷണങ്ങളായിട്ടായിരുന്നു കിടന്നിരുന്നത്. ഇന്നത്തെ അപേക്ഷിച്ച വാഹനങ്ങൾ അന്ന് തീരെ കുറവായിരുന്നതിനാലും ചെറിയ പാലങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നില്ല. എന്നാൽ എസി റോഡ് ആലപ്പുഴയെയും, ചങ്ങനാശേരി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചതും, വാഹനങ്ങളുടെ എണ്ണത്തിൽ പതിൻമടങ്ങിലേറെ വർധനവുണ്ടായതും റോഡിൽ ഗതാഗത തിരക്കു വർധിപ്പിച്ചു.
വാഹനങ്ങളുടെ തിരക്കു വർധിച്ചതോടെ പലതവണകളായി റോഡിന്റെ വീതിയും കൂട്ടി. എന്നാൽ ഇടുങ്ങിയ പാലങ്ങൾ പഴയപടി നിലനിർത്തിയതോടെ അപകടങ്ങൾ നിത്യസംഭവങ്ങളായി.പാലത്തിന്റെ കൈവരികൾക്കപ്പുറം കാടുപിടിച്ച് നടപ്പാതയിലേക്കു വളർന്നതോടെ കാൽനടയാത്രക്കാരും അപകട ഭീഷണിയിലാണ്. മലേഷ്യൻ കന്പനിയായ പതിയുടെ നേതൃത്വത്തിൽ റോഡ് രാജ്യാന്തര നിലവാരത്തിൽ വീതി കൂട്ടി നവീകരിച്ചപ്പോൾ പഴയ പാലങ്ങൾ നിലനിർത്തി ചിലയിടങ്ങളിൽ സമാന്തര നടപ്പാലങ്ങൾ നിർമിക്കുകയാണ് ചെയ്തത്. എന്നാൽ ഇത്തരം പാലങ്ങൾ അപകടങ്ങൾക്കു കാരണമായി മാറി.
കോടിക്കണക്കിനു രൂപ ചെലവഴിച്ച ഇത്തരം പാലങ്ങൾ ഇനിയും പൂർത്തിയായിട്ടുമില്ല. കുട്ടനാടിനു പുറമെ നിന്നും രാത്രി കാലങ്ങളിലെത്തുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. വീതിയുള്ള റോഡിൽ കൂടി വേഗത്തിൽ വാഹനമോടിച്ചെത്തുന്നവർ പാലത്തിന്റെ വീതിക്കുറവറിയാതെ കൈവരിയിലിടിക്കുകയോ, തോട്ടിലേക്കു വീഴുകയോ ആണ് പതിവ്.
നെടുമുടി-പാറശേരി പാലത്തിലാണ് ഇത്തരത്തിൽ ഏറ്റവുമധകികം അപകടങ്ങൾ നടന്നിട്ടുള്ളത്. കഴിഞ്ഞ മാസവും അടുത്തടുത്ത ദിവസങ്ങളിലായി ചരക്കു കയറ്റിവന്ന രണ്ടു ലോറികൾ അപടകത്തിൽ പെട്ടിരുന്നു. മങ്കൊന്പ് തെക്കേക്കര പാലം, ഒന്നാംകര, മാന്പുഴക്കരി പാലങ്ങളും അപട ചരിത്രത്തിൽ ഒട്ടും പിന്നിലല്ല. ഇന്നലെ പുലർച്ചെയും, ഞായറാഴ്ച രാത്രിയിലുമായി രണ്ടപകടങ്ങളാണ് മങ്കൊന്പ് തെക്കേക്കര പാലത്തിനു സമീപം നടന്നത്.
രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചും, ബൈക്കിനു പിന്നിൽ കാറിടിച്ചുമായിരുന്നു വ്യത്യസ്ത അപകടങ്ങൾ. എസി റോഡിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പാലങ്ങൾ വീതികൂട്ടി പുനിർമിക്കണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
പ്രളയാനന്തരം എസി റോഡ് സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി എസി റോഡിന്റെ നവീകരണത്തിനായി 150 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞയിടെ നടന്ന മന്ത്രിസഭായോഗത്തിൽ 350 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. ഫ്ളൈ ഓവറുകളടക്കം പുനർനിർമിക്കാനുദ്ദേശിക്കുന്ന പദ്ധതി അടിയന്തിരമായി നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടനാട്ടുകാർ.