കാഞ്ഞിരപ്പള്ളി: ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു “എസി’ റോഡ്. കടുത്ത വേനല്‍ച്ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ ആശ്വാസത്തിന്റെ തണലും കുളിര്‍മയും നല്‍കുകയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടിബി റോഡ് എന്ന എസി റോഡ്. എസിയിലിരിക്കുന്ന അനുഭൂതിയാണ് ഇതുവഴി സഞ്ചരിക്കുന്പോൾ.
കുന്നുംഭാഗം മുതല്‍ മണ്ണാറക്കയംവരെ ഇരുവശങ്ങളിലുമായി നില്ക്കുന്ന തണല്‍മരങ്ങളാണ് റോഡിനെ കുളിർമയോടെ നിലനിർത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പു തൈകള്‍ നടുകയും അതിനെ പരിപാലിക്കുകയും ചെയ്ത കരിപ്പാപ്പറമ്പില്‍ ഡൊമിനിക് ഏബ്രാഹം എന്ന ഇങ്കാച്ചനാണ് ഈ തണലിടത്തിന്റെ അവകാശി. 1980കളുടെ പകുതിയോടെയാണു തൈകള്‍ നട്ടത്. വാക, മരുത്, അക്വേഷ്യ, പ്രത്യേക ഇനം കൊന്ന എന്നിവയാണു നട്ടുപിടിച്ചത്.
നാടിനു തണല്‍ ഒരുക്കുന്ന നല്ല ശീലത്തിന്റെ ശേഷിപ്പുകളാണ് ടിബി റോഡ്. വേനല്‍ക്കാലത്തെ കടുത്തചൂടിനു മാത്രമല്ല, മഴക്കാലത്തു കുടപോലെ ആശ്വാസമാകുകയും ചെയ്യുന്നു വൃക്ഷങ്ങൾ. വാഹനം നിര്‍ത്തി അല്‍പ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ആളുകള്‍ ഈ റോഡ് തെരഞ്ഞെടുക്കുന്നു.
മരങ്ങൾ പൂവിടുന്നതോടെ പാത അതിമനോഹരമാകും. പിങ്ക്, വയലറ്റ്, മഞ്ഞ നിറങ്ങളില്‍ പൂക്കളുള്ള മരങ്ങളാണു ഏറെയും.പച്ചപ്പു വിരിച്ച ഈ പാതയോരങ്ങളില്‍ പലപ്പോഴും കല്യാണ ഫോട്ടോ ഷൂട്ടുകളും സൗഹൃദങ്ങളുടെ സെല്‍ഫികളും വിരിയാറുണ്ട്.
ജോജി പേഴത്തുവയലില്‍