മങ്കൊമ്പ്: എസി റോഡ് പുനർനിർമാണത്തിനെതിരേ കടുത്ത ആക്ഷേപമുയരുന്നു. കോടികൾ മുടക്കിയിട്ടും അതിന്റെ പ്രയോജനം കിട്ടുന്ന രീതിയിലല്ല നിർമാണം മുന്നോട്ടു നീങ്ങുന്നതെന്നാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന ആരോപണം.
പ്രളയദുരിതം ഒഴിവാക്കാനായി നിർമിക്കുന്നെന്നു പറയുന്ന പാതയ്ക്ക് രണ്ടാഴ്ച മുന്പ് കുട്ടനാട്ടിൽ ഉണ്ടായ ചെറിയ പ്രളയത്തെപ്പോലും മറികടക്കാനായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2018ലെ മഹാപ്രളയത്തിന്റെ പകുതി പോലും ജലനിരപ്പ് ഇല്ലാതിരുന്നിട്ടും പുതുതായി നിർമിച്ച റോഡും ഓടകളും വെള്ളത്തിനടിയിലായി.
2018ലെ ജലനിരപ്പിനേക്കാൾ ഉയരത്തിൽ റോഡ് ഉയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.എന്നിട്ടും നേരിയ തോതിൽ ജലനിരപ്പുയർന്നപ്പോഴേക്കും പത്തിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്.
മേൽപ്പാലം പോയ വഴി
പുതുക്കിയ റോഡിന്റെ ലെവൽ ഓടയുടെ സ്ലാബിന്റെ നിരപ്പിനു താഴെയാണെന്നിരിക്കെ, ഓടയുടെ മുകളിൽ വെള്ളം കയറിയതു ഗൗരവതരമാണെന്നു നാട്ടുകാർ പറയുന്നു.
താഴ്ചയുള്ള ഭാഗങ്ങളിൽ എലിവേറ്റഡ് ഹൈവേകൾ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ, ഏറ്റവും താഴ്ചയുള്ള ഒന്നാംകരയ്ക്കും പള്ളിക്കൂട്ടുമ്മയ്ക്കും ഇടയിലുള്ള പ്രദേശത്തും പൂവം ഭാഗത്തും നിർമിക്കേണ്ടിയിരുന്ന മേൽപ്പാലങ്ങൾ ഒഴിവാക്കി.
ഇതു സ്വജനപക്ഷപാതം മൂലമാണെന്നു ഡിസിസി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ആരോപിക്കുന്നു. ആവശ്യമുള്ളിടം ഒഴിവാക്കി ആവശ്യമില്ലാത്തിടത്തു നിർമിക്കുന്നത് അഴിമതിക്കു വേണ്ടിയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ മേൽപ്പാല നിർമാണം പുരോഗമിക്കുന്ന അഞ്ചു സ്ഥലങ്ങളിലും ഈ വെള്ളപ്പൊക്കത്തിലും റോഡിൽ വെള്ളം കയറിയില്ല.
ലാഭം ലക്ഷ്യമോ?
ഒരു മേൽപ്പാലത്തിനു നിലവിലെ എസ്റ്റിമേറ്റ് 65 കോടിയോളം രൂപയാണ്. മാമ്പുഴക്കരിയിലും പൊങ്ങയിലും നിർമിക്കുന്ന കോസ്വേകൾ 20 മീറ്ററോളം മാറ്റിപ്പണിയുന്നതു വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വീതി കൂട്ടി, ഉയർത്തി നിർമിക്കേണ്ട റോഡിലാണ് എലിവേറ്റഡ് ഹൈവേകളും കോസ്വേകളും നിർമിക്കുന്നത്.ടാറിംഗ് ജോലികൾക്കു ലഭിക്കുന്നതിനേക്കാൾ വൻ ലാഭമാണ് റോഡിലെ കോൺക്രീറ്റ് പ്രവൃത്തികൾക്കു ലഭിക്കുക എന്നതാണ് വെള്ളം കയറാത്ത സ്ഥലങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിനു കാരണമെന്നാണ് ആരോപണം.