മങ്കൊമ്പ് : എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിക്കൊണ്ടിരുന്ന നടപ്പാലം തർന്നു വീണു ഒരു ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്കേറ്റു. ബംഗാൾ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഒന്നാംകര പാലത്തിനു സമീപത്തുള്ള സമാന്തര നടപ്പാലമാണ് തകർന്നു വീണത്.
കുറെ ദിവസങ്ങളായി പാലം പൊളിച്ചുനീക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. അഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ജോലിയിൽ ഏർപ്പെട്ടിരുന്നത്. തോടിനു ഇരുകരകളിലുമായി തൂണുകളില്ലാതെ നിർമിച്ചിരുന്ന പാലമാണ് നീക്കം ചെയ്തിരുന്നത്.
പാലത്തിനൊപ്പം പണികളിലേർപ്പെട്ടിരുന്ന തൊഴിലാളികളും കനാലിലേക്കു വീഴുകയായിരുന്നു. കമ്പികൾ കൊണ്ട് ഒരു തൊഴിലാളിയുടെ ചെവിയുടെ ഭാഗത്താണ് പരിക്കേറ്റത്. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാലാണ് ആർക്കും കാര്യമായ പരിക്കേൽക്കാതിരുന്നത്.
പരിക്കേറ്റ തൊഴിലാളിക്ക് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകി. മലേഷ്യൻ കമ്പനിയായ പതിയുടെ മേൽനോട്ടത്തിൽ നടന്ന എസി റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് നാലോളം സമാന്തര പാലങ്ങൾ നിർമിച്ചത്. എന്നാൽ ഇതിന്റെ നിർമാണം പൂർത്തിയായിരുന്നില്ല.