ചങ്ങനാശേരി: ചങ്ങനാശേരി-ആലപ്പുഴ റോഡിൽ മങ്കൊന്പ് ബ്ലോക്ക് മുതൽ നെടുമുടിവരെയുള്ള വിവിധ സ്ഥലങ്ങളിലെ കനത്തവെള്ളക്കെട്ടും റോഡിന്റെ തകർച്ചയും ഗതാഗതം അപകടകരമാക്കുന്നു. മങ്കൊന്പ് ബ്ലോക്ക്, മങ്കൊന്പ് ജംഗ്ഷൻ, ഒന്നാംകര, നസ്രത്ത്, നെടുമുടി ഭാഗങ്ങളിലാണ് റോഡിൽ ജലനിരപ്പുള്ളത്.
ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസുകൾ മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷൻ വരേയും ആലപ്പുഴ ഡിപ്പോയിൽ നിന്നും നെടുമുടിവരേയുമാണ് ബസുകൾ സർവീസ് നടത്തുന്നത്. ഇതിനിടയിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ട്രാക്ടർ സർവീസുകളെയാണ് ജനങ്ങൾ യാത്രക്കായി ആശ്രയിക്കുന്നത്. മുപ്പതോളം ട്രാക്ടറുകളാണ് ഈ ഭാഗത്ത് സർവീസ് നടത്തുന്നത്. വെള്ളക്കെട്ടുകളിലെ റോഡിന്റെ തകർച്ചയും യാത്രക്കാർക്ക് ഏറെ ഭീഷണിയാണ്.
പുളിങ്കുന്ന്, കൈനടി, കൃഷ്ണപുരം, വടക്കൻ വെളിയനാട് റൂട്ടുകളിലും ബസുകൾ സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ തകർച്ചയും റോഡിൽ പോള തിങ്ങിയതും വെള്ളക്കെട്ടും രാത്രകാലങ്ങളിൽ വെളിച്ചമില്ലാത്തതും ബസുകളുടെ സുഗമമായ സഞ്ചാരത്തിനു പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
ആലപ്പുഴയിലേയും ചങ്ങനാശേരിയിലേയും വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്നും എത്തുന്ന യാത്രക്കാരുടെ തിരക്കു പരിഗണിച്ച് ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴയിൽ നിന്നും കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ നടത്തുന്നുണ്ട്.
ബോട്ടുകളിൽ നാളെക്കൂടി യാത്രാസൗജന്യം
ചങ്ങനാശേരി: ദുരിതാശ്വാസ ക്യാന്പുകലിൽ നിന്നും ആളുകൾക്ക് കുട്ടനാട്ടിൽ തിരിച്ചെത്തുന്നതിനുള്ള സൗകര്യത്തിനായി നാളെ വൈകുന്നേരംവരെ ആലപ്പുഴ ജില്ലയിലും ചങ്ങനാശേരിയിലും സർവീസ് നടത്തുന്ന സർക്കാർ ബോട്ടുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ ഇന്നലെ ചേർന്ന ജലഗതാഗതവകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു.
പ്രളയദുരിതത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു.സാധാരണ ഗതിയിലുള്ള ഷെഡ്യൂളുകൾ 31മുതൽ ആരംഭിക്കുന്നതിനും തീരുമാനമായതായും ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു.