പാലക്കാട്: പറളി സ്കൂളിലെ മിനി സ്പോർട്സ് കോംപ്ലക്സ് കായിക അക്കാദമിയായി ഉയർത്തുമെന്ന് വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ .പി ജയരാജൻ പറഞ്ഞു. പറളി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച മിനി സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
6.5 കോടി വിനിയോഗിച്ച്് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനി ഫുട്ബോൾ കോർട്ട്, സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്്, ഫിൽട്രേഷൻ പ്ലാന്േറാടുകൂടിയ നീന്തൽക്കുളം എന്നിവയാണ് നിർമിക്കുക. സ്കൂളിന്റെ സമഗ്ര കായിക വികസനത്തിന് 50 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കായികരംഗത്ത് പറളി സ്കൂൾ സംസ്ഥാനത്തിന് മാതൃകയാണെന്നും മികച്ച കായിക താരങ്ങളെ സംഭാവന ചെയ്ത കായികാധ്യാപകൻ പി.ജി. മനോജിന്റെ സേവനം കായിക വകുപ്പ് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മികച്ച കായിക താരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കും.
പറളി സ്കൂളിലെ മുൻ കായിക താരങ്ങളായ എം.ഡി. താര, വി.വി .ശോഭ എന്നിവർക്ക് രണ്ടുമാസത്തിനകം ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.ജില്ലയിലെ ലോങ് ജംപ് ദേശീയ താരമായ എം.ശ്രീശങ്കറിന് ഒളിംപിക്സ് പരിശീലനത്തിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായി.