വിവാഹ ആലോചന നിരസിച്ച 21കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അടുത്ത് വിവാഹാലോചനയുമായി എത്തിയിരുന്ന ഷാരുക്ഖാന് (23) ആണ് ഗാസിയാബാദ് സ്വദേശിനിയായ ഗുലിസ്തയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ഇയാളുടെ വിവാഹാലോചന ഗുല്സയുടെ വീട്ടുകാര്‍ നിരസിച്ചിരുന്നു. പിന്നീട് ഇവര്‍ ഗുലിസ്തയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിലുള്ള പക കൊണ്ടാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെയാണ് ഗുലിസ്തയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ മുഖത്തും ദേഹത്തും ആസിഡ് ഒഴിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തന്നെ അല്ലാതെ മറ്റാരെ എങ്കിലും വിവാഹം കഴിച്ചാല്‍ ആസിഡ് ഒഴിയ്ക്കുമെന്ന് ഷാരുക്ഖാന് ഗുല്സതയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് യുവാവ്. സംഭവശേഷം ഇയാള്‍ നാട് വിട്ടു. പിന്നീട് പോലീസ് ഒളിവിലിരുന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.