സെമിനാരിപ്പടിയിലെ അപകടം കവര്‍ന്നെ ടുത്തത് കുടുംബത്തിന്റെ അത്താണിയെ; കൂലിപ്പണി കുറഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു മുമ്പാണ് പ്രശാന്ത് മീന്‍കച്ചവടം തുടങ്ങിയത്; തട്ടിട്ട് മീന്‍ നിരത്തിയെങ്കിലും വിധി എല്ലാം തട്ടിതെറിപ്പിക്കുകയായിരുന്നു.

ktm-prasanthചിങ്ങവനം: എംസി റോഡില്‍ സെമിനാരിപ്പടിയില്‍ ഇന്നലെയുണ്ടായ കാറപകടം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെ. കുഴിമറ്റം പാറപ്പുറം പുഴക്കരയില്‍ പ്രശാന്താണ് മരിച്ചത്.രോഗിയായ പിതാവ് മത്തായിയുടേയും, മാതാവ് ത്രേസ്യാമ്മയുടേയും ഏക ആശ്രയം മകന്‍ പ്രശാന്തായിരുന്നു. നിത്യവൃത്തിക്കു കൂലിപ്പണിയും മേസ്തിരിപ്പണിയുമായി കഴിഞ്ഞു വരികയായിരുന്നു പ്രശാന്ത്. പണി ആഴ്ചയിലൊരിക്കലായതോടെയാണു മാസങ്ങള്‍ക്കു മുന്‍പ് മീന്‍ കച്ചവടത്തിനിറങ്ങിയത്. ഇതിനായി സുഹൃത്തായ അനില്‍കുമാറിനേയും കൂടെക്കൂട്ടി. മീന്‍ കൊണ്ടുവരുന്നതിന് ഒരു പെട്ടിവണ്ടിയും സ്വന്തമാക്കി.

മൊത്തക്കച്ചവടക്കാരില്‍നിന്നും മീന്‍ എടുക്കാനുള്ള പണത്തിന്റെ കുറവ് മൂലം പന്നിമറ്റത്തുള്ള മറ്റൊരു വില്‍പനക്കാരനില്‍നിന്നുമാണ് മീന്‍ എടുത്തിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. ആദ്യം സെമിനാരിപ്പടിയില്‍ മീനുമായി എത്തിയെങ്കിലും തുടക്കത്തില്‍ തന്നെ പിന്‍മാറേണ്ട അവസ്ഥയാണുണ്ടായത്. കച്ചവടം തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ എംസി റോഡ് വികസനത്തിനുള്ള പണികള്‍ തുടങ്ങിയപ്പോള്‍ വില്‍പന നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞു വീണ്ടും വ്യാപരം തുടങ്ങിയിട്ട് ആഴ്ചകളേയായുള്ളു.

ഇന്നലെ അപകടം നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരും പെട്ടിവണ്ടിയില്‍ മീനുമായെത്തിയത്. തട്ടിട്ട് മീന്‍ നിരത്തിയെങ്കിലും കാര്യമായ കച്ചവടം നടക്കും മുന്‍പേ വിധി എല്ലാം തട്ടിതെറിപ്പിക്കുകയായിരുന്നു. മിഴി ചിമ്മുന്ന വേഗത്തിലെത്തിയ കാര്‍ ഇവര്‍ക്കു നേരെ പാഞ്ഞടുത്തു. കണ്ടു നിന്നവര്‍ കണ്ണുതുറക്കുമ്പോള്‍ ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു ഇരുവരും. ഇവര്‍ക്കു ചുറ്റുമായി മീന്‍ പെട്ടികളും, തട്ടും, മീനും ചിതറിക്കിടക്കുന്ന കാഴ്ച കരളലിയിക്കും വിധമായിരുന്നു.

Related posts