ബാർമർ: രാജസ്ഥാനിലെ ബാർമറിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കൾ പട്ടാപ്പകൽ നടുറോഡിൽ രക്തം വാർന്നുമരിച്ചു. അപകടത്തിലായ യുവാക്കളെ രക്ഷിക്കാൻ തുനിയാതെ ആൾകൂട്ടം സെൽഫിയെടുക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് മനസാക്ഷിയെ ഉലയ്ക്കുന്ന കാഴ്ചയായി.
സ്കൂൾ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ മറ്റു രണ്ടു പേർ മണിക്കൂറുകളോളം വഴിയിൽ കിടന്നിട്ടും ആരും രക്ഷിക്കാൻ തുനിഞ്ഞില്ല.
ഗുജറാത്തിലെ സിമിന്റ് ഫാക്ടറിയിലെ കരാർ തൊഴിലാളികളായ പർമാനന്ദ്, ജമ്ര രാം, ചന്ദ്രപ്രകാശ് എന്നിവരാണ് മരിച്ചത്. ഗുജറാത്തിൽനിന്ന് ഇവർ ഇവിടെയത്തിയത് ജോലിസംബന്ധമായ കാര്യങ്ങൾക്കാണ്. മൂന്നു പേരും അപകടത്തിൽപെട്ട് ഒന്നരമണിക്കൂറാണ് വഴിയിൽ കിടന്നത്. നേരത്തെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻരക്ഷിക്കാൻ കഴിയുമായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു.