കൊളക്കാട്: സൈക്കിളിൽനിന്നുവീണ് എട്ടാംക്ലാസ് വിദ്യാർഥി അലൻ ജോ മാത്യു മരിച്ചത് നാടിന്റെ നൊന്പരമായി.
കഴിഞ്ഞ ദിവസം സ്കൂളിൽ ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ സഹപാഠിയെ വീട്ടിലെത്തി കണ്ടു മടങ്ങും വഴിയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ അലനും കൂട്ടുകാരൻ അനൽമോൻ അജിയും കയറിയ സൈക്കിൾ കുത്തനേയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്.
സാന്തോം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇരുവരും കൊളക്കാട് കുരിശുമല റോഡിൽ സെന്റ് തോമസ് പള്ളിക്കു സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്നു.
കുത്തനേയുള്ള ഇറക്കത്തിലൂടെ തിരികെ വരും വഴി പള്ളിമുറിക്ക് സമീപമെത്തിയപ്പോൾ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
സൈക്കിൾ വെട്ടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും പത്തു മീറ്ററിലേറെ താഴ്ചയിലുള്ള നെടുംപൊയിൽ-കൊളക്കാട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ വേഗത്തിലായിരുന്നതിനാൽ ഇരുവരും മെക്കാഡം റോഡിലെ നടുവരയ്ക്ക് സമീപത്തേക്കാണ് തെറിച്ചുവീണത്.
റോഡിലൂടെ കൊളക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി പെട്ടെന്നു നിർത്തി. ലോറിക്ക് കുറച്ചു മുന്പിൽ നടുറോഡിലേക്കാണ് ഇവർ വീണത്.
അലന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വീഴ്ചയിൽത്തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അലനാണ് സൈക്കിളോടിച്ചിരുന്നത്. പിന്നിലിരുന്ന അനൽമോനും റോഡിലേക്ക് വീണെങ്കിലും കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ് അനൽമോൻ.