കേച്ചേരി: വാഹനക്കുരുക്കും അപകടങ്ങളും ദുരന്തങ്ങളും തുടര്‍ച്ചയാകുന്ന ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരിയില്‍ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ ചൂണ്ടല്‍ പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം തീരുമാനിച്ചു. ഇതുപ്രകാരം റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ആവശ്യാനുസരണം ഡിവൈഡറുകള്‍, ദിശാബോര്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവ സ്ഥാപിക്കും.
വാഹനത്തള്ള് കുറയ്ക്കുനനതിന് ബൈപാസ് റോഡിലെ റെനില്‍ റോഡ്, കനാല്‍ റോഡ് എന്നിവിടങ്ങളില്‍ കൂടി ചെറുവാഹനങ്ങള്‍ക്ക് വടക്കാഞ്ചേരി റോഡില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. നിലവില്‍ പന്നിത്തടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കേച്ചേരി ബൈപാസ് ജംഗ്ഷനിലെത്തി വടക്കാഞ്ചേരി റോഡിലൂടെ എരനെല്ലൂര്‍ പള്ളി റോഡ് വഴിയാണ് തൃശൂര്‍ ഹൈവേയില്‍ പ്രവേശിക്കുന്നത്. കുന്നംകുളം ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ ബൈപാസ് റോഡിലെ ദുബായ് റോഡിലൂടെയാണ് പ്രവേശിക്കുന്നത്.
കേച്ചേരിയിലെ ട്രാഫിക് ബ്ലോക്കിനെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും വ്യാപാരികളുടെയും ബസ്-കാര്‍-ഓട്ടോ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് കെ.എസ്.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു.
കുന്നംകുളം സിഐ രാജേഷ് മേനോന്, ഡിവൈഎസ്പി വിശ്വംഭരന്, റോഡ് ആക്സിവാന്റ് ആക്ഷന്‍ ഫോറം പ്രസിഡന്റ് അബ്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ സുനില്‍, ഷാജി കുയിലത്ത്, എം.കെ. ആന്റണി, ഷൈലജ പുഷ്പാകരന്‍, പഞ്ചായത്തംഗങ്ങളായ പി.കെ.സുഗതന്,കെ.പി. രമേഷ്, ടി.എ.മുഹമ്മദ് ഷാഫി, യു. വി.ജമാല്‍ വില്ല്യംസ്, സ്റ്റെല്ല ജോസ്, ശാന്ത ഹരിദാസ്, വി.സി.സിനി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും വകുപ്പ് മേധാവികളും കേച്ചേരിയിലെ വിവിധ റോഡുകളില്‍ പരിശോധന നടത്തി.